കരീന കപൂറിനെ രംഗത്തിറക്കി നാൽപ്പത് വർഷത്തോളമായി ബിജെപിയ്‌ക്കൊപ്പമുള്ള മണ്ഡലം പിടിക്കാൻ കോൺഗ്രസ് നീക്കം

single-img
21 January 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ സിനിമ താരങ്ങളും കായിക താരങ്ങളുമെല്ലാം നിറഞ്ഞുനിൽക്കുകയാണ്. ബോളിവുഡ് താരം മാധുരി ദീക്ഷിതിനെ ബി.ജെ.പി മത്സരിപ്പിക്കുമെന്ന വാർത്തകൾക്കിടെ കരീന കപൂറിനെ മത്സരിപ്പിക്കാൻ കോൺഗ്രസും തയാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഭോപ്പാൽ സീറ്റിൽ നിന്നും കരീന കപൂറിനെ മത്സരിപ്പിക്കണമെന്നാണ് കോൺഗ്രസ് നേതാക്കളായ ഗുഡ്ഡു ചൗഹാനും അനീസ് ഖാനും ആവശ്യപ്പെടുന്നത്. നാൽപ്പത് വർഷത്തോളമായി ബിജെപിയ്‌ക്കൊപ്പമാണ് ഭോപ്പാൽ സീറ്റ്. കരീന കപൂറിനെ ഇവിടെ സ്ഥാനാർത്ഥിയാക്കിയാൽ ഇക്കുറി കോൺഗ്രസിന് വിജയം ഉറപ്പാണെന്നാണ് നേതാക്കളുടെ അഭിപ്രായം.

കരീനയുടെ ഭർത്താവ് സെയ്ഫ് അലിഖാന്റെ ജന്മസ്ഥലമാണ് ഭോപ്പാൽ. പട്ടൗഡി കുടുംബത്തിന് ഭോപ്പാലുമായുള്ള ബന്ധം വളരെ വലുതാണ്. ഇതോടൊപ്പം കരീനയുടെ ആരാധകരുടെ വോട്ടുകളും കോൺഗ്രസ് ലക്ഷ്യമിടുന്നു. ചെറുപ്പക്കാരായ വോട്ടർമാർ ഒരുപാടുള്ള മണ്ഡലമാണ് ഭോപ്പാൽ. കരീനയുടെ ജനപ്രീതി ഇവിടെ വോട്ടായി മാറുമെന്നാണ് ഇവരുടെ വാദം.

എന്നാൽ വാർത്തകളോട് കരീനയോ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമാൽ നാഥോ പ്രതികരിച്ചിട്ടില്ല. മാധുരി ദീക്ഷിത്, ഗൗതം ഗംഭീർ, സണ്ണി ഡിയോൾ, അജയ് ദേവ്ഗൺ, കപിൽ ദേവ്, അക്ഷയ് കുമാർ, അനുപം ഖേർ തുടങ്ങിയ പ്രമുഖർ ബി.ജെ.പി ടിക്കറ്റി മത്‌സരിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.