സംസ്ഥാന ബിജെപിയിൽ ഗ്രൂപ്പ് പോര് മുറുകുന്നു; ചാനൽ ചർച്ചകൾ ബഹിഷ്‌ക്കരിക്കുന്നത് മണ്ടൻ തീരുമാനമെന്ന് കെ സുരേന്ദ്രൻ

single-img
21 January 2019

ലോകസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ സംസ്ഥാന ബിജെപിയിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. മെഡിക്കൽ കോളേജ് കോഴ കേസിൽ എം ടി രമേശ് കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ പാർട്ടി അന്വേഷണകമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടതോടെയാണ് സംസ്ഥാന ബിജെപിയിൽ ആഭ്യന്തര കലാപം തുടങ്ങിയത്. എന്നാൽ ശബരിമലവിഷയവുമായി ബന്ധപ്പെട്ടു കെ സുരേന്ദ്രൻ ജയിലിൽ കിടന്നപ്പോൾ സംസ്ഥാന നേതൃത്വം തിരിഞ്ഞു നോക്കാത്തതാണ് ഇപ്പോൾ ചേരിപ്പോര് രൂക്ഷമാകാനുള്ള കാരണം.

ഇനിടെയാണ് ചാനൽ ചർച്ചകൾ ബഹിഷ്‌ക്കരിക്കുന്നത് മണ്ടൻ തീരുമാനമെന്ന് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയുടെ വാർത്താസമ്മേളനം തിരുവനന്തപുരത്തും ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ വാ‌ർത്താ സമ്മേളനം കോഴിക്കോട്ടും ഭൂരിഭാഗം മാദ്ധ്യമ പ്രവർത്തരും ബഹിഷ്കരിച്ചതിനെ തുടർന്നാണ് ചാനൽ ചർച്ചകളിൽ ബി.ജെ.പി പ്രതിനിധികൾ പങ്കെടുക്കേണ്ടെന്ന് പാർട്ടി നേതൃത്വം തീരുമാനിച്ചത്. ഇതേത്തുടർന്ന് കുറച്ചുദിവസങ്ങളായി ജനം ടി വിയിലൊഴികെ മറ്റൊരു ചാനലിലും ബിജെപി നേതാക്കൾ ചർച്ചകളിൽ പങ്കെടുക്കുന്നുണ്ടായിരുന്നില്ല.

എന്നാൽ നേതൃത്വത്തിന്റെ ഈ തീരുമാനം അവഗണിച്ചു ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം പി.കൃഷ്ണദാസ് ചാനൽ ചർച്ചയിൽ പങ്കെടുത്തിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ സംസ്ഥാന അദ്ധ്യക്ഷൻ സസ്‌പെൻഡ് ചെയ്തു. യാതൊരു വിശദീകരണവും കൂടാതെയാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തതെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാൽ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.രാമൻപിള്ള കഴിഞ്ഞ ദിവസം ഇതേ ചാനൽ ചർച്ചയിൽ പങ്കെടുത്തിട്ടും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തതാണ് പാർട്ടിയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഒന്നുകിൽ കൃഷ്ണദാസിന്റെ സസ്പെൻഷൻ പിൻവലിച്ചിക്കുക അല്ലെങ്കിൽ കെ.രാമൻപിള്ളയെ സസ്‌പെൻഡ് ചെയുക എന്നാണു ഇവർ ആവശ്യപ്പെടുന്നത്.

എന്നാല്‍ ശ്രീധരന്‍ പിള്ളയുടെ രാഷ്ട്രീയ ഗുരുവായ കെ.രാമൻപിള്ളക്കെതിരെ ഒരു നടപടിയും എടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നാണു മറുവിഭാഗം പറയുന്നത്. എന്തായാലും ഇരുവിഭാഗവും പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്.