ഹാര്‍ദ്ദിക് പട്ടേല്‍ വിവാഹിതനാകുന്നു

single-img
21 January 2019

ഗുജറാത്തിലെ പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്ത് കിന്‍ജാല്‍ പരീഖാണ് വധു. ഈ മാസം 27ന് സുരേന്ദ്രനഗര്‍ ജില്ലയിലുള്ള ദിഗ്‌സാര്‍ ഗ്രാമത്തില്‍ വെച്ചാണ് കല്യാണം. തികച്ചും ലളിതമായ വിവാഹചടങ്ങില്‍ ഇരുകൂട്ടരുടേയും അടുത്ത ബന്ധുക്കളായ നൂറോളം പേര്‍ മാത്രമാണ് പങ്കെടുക്കുകയെന്ന് ഹാര്‍ദികിന്റെ കുടുംബത്തോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ദിഗ്‌സറിലെ കുടുംബക്ഷേത്രത്തിലാണ് ചടങ്ങ്. വിവാഹ ശേഷം വധൂവരന്മാര്‍ വിരാംഗാമിലേക്ക് പോകും.

അഹമ്മദാബാദ് ജില്ലയിലെ വീരംഗാം തൂലൂക്കിലെ ചന്ദന്നഗരി ഗ്രാമത്തിലാണ് ഇരുവരും ജനിച്ചു വളര്‍ന്നത്. ഇരുവരുടെയും പ്രണയ വിവാഹത്തിന് ഞങ്ങളുടെ കുടുംബവും കിന്‍ജലിന്റെ കുടബംബവും സമ്മതം അറിയിച്ചതിനെ തുടര്‍ന്ന് വിവാഹ ചടങ്ങുകള്‍ ഈ മാസം 27ന് നടത്താന്‍ തീരുമാനിച്ചതായി ഹാര്‍ദ്ദിക്കിന്റെ പിതാവ് ഭാരത് പട്ടേല്‍ പറഞ്ഞു. എന്നാല്‍ ചടങ്ങിനെ കുറിച്ച് ഹാര്‍ദ്ദിക് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പട്ടേല്‍ സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ഹാര്‍ദിക് സാമൂഹ്യപ്രവര്‍ത്തന മേഖലയില്‍ സജീവമായത്. നിരാഹാര സമരം നടത്തുകയും പ്രക്ഷോഭവുമായി ബന്ധപ്പെട്ട കലാപത്തില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്ത ഹാര്‍ദിക് വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ വാരണാസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എതിര്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.