അടിയന്തരമായി ഇറക്കിയ വിമാനത്തിന്റെ വാതില്‍ മൈനസ് 30 ഡിഗ്രി സെല്‍ഷ്യസില്‍ ഉറഞ്ഞുപോയി; കൊടുംതണുപ്പില്‍ യാത്രക്കാര്‍ കുടുങ്ങിയതു 16 മണിക്കൂര്‍

single-img
21 January 2019

ന്യൂജഴ്സിയിലെ ന്യൂമാര്‍ട്ടില്‍നിന്ന് 250 യാത്രക്കാരുമായി ഹോങ്കോങ്ങിലേക്കു യാത്ര തിരിച്ച യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരാണ് കൊടുംതണുപ്പില്‍ കുടുങ്ങിയത്. യാത്രയ്ക്കിടെ ഒരാള്‍ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി വിമാനം അടിയന്തരമായി കാനഡയിലെ ഗൂസ് ബേ വിമാനത്താവളത്തില്‍ ഇറക്കേണ്ടിവന്നതാണ് യാത്രക്കാര്‍ക്ക് ദുരിതമായത്.

മൈനസ് 30 ഡിഗ്രി സെല്‍ഷ്യസാണ് കാനഡയിലെ താപനില. രോഗിയായ യാത്രക്കാരനെ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ വിമാനത്തിന്റെ വാതില്‍ തണുപ്പില്‍ ഉറച്ചുപോകുകയായിരുന്നു. വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നതു മൂലം യാത്രക്കാര്‍ക്കു പുറത്തിറങ്ങാനാകാത്ത സ്ഥിതിയുമായി.

ഇതോടെ യാത്രക്കാര്‍ തണുത്തുവിറച്ചു. വിമാന ജീവനക്കാര്‍ നല്‍കിയ കമ്പിളിക്കും തണുപ്പിനെ പ്രതിരോധിക്കാനായില്ല. പത്തു മണിക്കൂറുകള്‍ പിന്നിട്ടതോടെ വെള്ളവും ആഹാരവും കുറഞ്ഞു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഫാസ്റ്റ് ഫുഡ് ചെയിന്‍ സര്‍വീസുമായി ബന്ധപ്പെട്ട് ആഹാരമെത്തിച്ചു നല്‍കി.

ഒടുവില്‍ ഞായറാഴ്ച രാവിലെ മറ്റൊരു വിമാനമെത്തിച്ച് യാത്രക്കാരെ അതിലേക്കു മാറ്റി. തുടര്‍ന്ന് വിമാനം തിരികെ ന്യൂമാര്‍ക്കിലേക്കു പറന്നു. അതോടെ ഒരു ദിവസം മുന്‍പ് പുറപ്പെട്ട അതേസ്ഥലത്തു തന്നെ ഇവര്‍ തിരിച്ചെത്തി. കാനഡയില്‍ അതിശൈത്യം തുടരുന്നതിനാല്‍ വിമാനസര്‍വീസുകള്‍ മിക്കതും റദ്ദാക്കിയിരിക്കുകയാണ്.