കെ.ടി ജലീല്‍ സിപിഎമ്മിനെ ബ്ലാക്ക്‌മെയില്‍ ചെയ്തു; വിവരങ്ങള്‍ പുറത്തുവിടുമെന്ന് പി.കെ ഫിറോസ്

single-img
21 January 2019

മന്ത്രി കെ.ടി. ജലീല്‍ ബന്ധുവായ കെ.ടി. അദീബിനെ ചട്ടങ്ങള്‍ മറികടന്ന് സ്വന്തം വകുപ്പിലെ പൊതുമേഖല സ്ഥാപനത്തില്‍ ജനറല്‍ മാനേജറായി നിയമിച്ചതിനെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്.

നവംബര്‍ മൂന്നിന് നല്‍കിയ പരാതി വിജിലന്‍സ് ഡയറക്ടര്‍ നവംബര്‍ 28ന് സര്‍ക്കാരിന് കൈമാറിയിട്ടും ഇതുവരെ അന്വേഷണം പ്രഖ്യാപിക്കാത്തതെന്തെന്ന് വിജിലന്‍സിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറയണം. ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ വിവരാവകാശ അപേക്ഷയില്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. അന്വേഷണം നടത്തി മന്ത്രിക്ക് അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന ഭയത്താലാണ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും ഫിറോസ് ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഭീഷണിപ്പെടുത്തിയാണ് മന്ത്രി പദവിയില്‍ ജലീല്‍ ഇരിക്കുന്നത്. ഇതിന്റെ തെളിവുകള്‍ വരുംദിവസങ്ങളില്‍ പുറത്ത് വിടുമെന്നും പി.കെ. ഫിറോസ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ന്യൂനപക്ഷ ധനകാര്യ വികസ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജരായി മന്ത്രി കെ.ടി ജലീല്‍ തന്റെ ബന്ധു അദീപിനെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചൂവെന്നതായിരുന്നു യൂത്ത് ലീഗ് ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണം. ഇത് സംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇനിയും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. യൂത്ത് ലീഗ് ആരോപണം ഉന്നയിച്ച സമയത്ത് ശബരിമല യുവതീ പ്രവേശന വിഷയമടക്കം സജീവമായി വന്നതോടെ വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ബന്ധു നിയമന വിവാദത്തിനും സമരങ്ങള്‍ക്കും ചൂടാറുകയും ചെയ്തു.