`എന്താ മോനേ ഈ വിഎച്ച്പി?´: അമൃതാനന്ദമയിയെ പൊളിച്ചടുക്കി മാധ്യമപ്രവർത്തകൻ്റെ കുറിപ്പ്

single-img
21 January 2019

അമൃതാനന്ദമയിയുടെ പ്രഭാഷണങ്ങളെ  പൊളിച്ചടുക്കി മാധ്യമപ്രവർത്തകൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: വർഷങ്ങൾക്കു മുമ്പ് അമൃതാനന്ദമയിയെ അഭിമുഖം നടത്തുന്ന വേളയിലുള്ള സംഭാഷണങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് മാധ്യമപ്രവർത്തകനായ ജെ ബിന്ദുരാജ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

അഭിമുഖ സംഭാഷണത്തിനിടയിൽ ഒരു ഹർത്താലിൽ നിന്ന് ആശ്രമത്തെ ഒഴിവാക്കിയതിനെപ്പറ്റി `താങ്കളും വി എച്ച് പിയും തമ്മിൽ കൂട്ടുണ്ടല്ലേ´ എന്ന ചോദ്യവും  അതിനെ തുടർന്നുണ്ടായ രസകരമായ ഉത്തരങ്ങളുമാണ് ബിന്ദുരാജ് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ബിന്ദുരാജിൻ്റെ പോസ്റ്റിൻ്റെ പൂർണ്ണരൂപം:

‘ശരണമയ്യപ്പ സ്വാമീയേ കീ ജയ് ‘ കേട്ടപ്പോൾ പഴയൊരു കഥ ഓർത്തു. അമൃതാനന്ദമയി 2005- ലോ 2006് -ലോ ചെന്നൈ വിരുഗംപാക്കത്തുള്ള അവരുടെ ആശ്രമത്തിൽ ദർശന ടൂറിന്റെ ഭാഗമായി എത്തിയ സമയം. ആത്മീയ ബിസിനസ് ഒക്കെ പച്ച പിടിച്ചു വരുന്നേയുള്ളു. നേരിട്ടു കണ്ട് സംസാരിച്ചിട്ടില്ലാത്തതിനാൽ പി എസ് ജോസഫും സുന്ദർദാസും ഞാനും ഫോട്ടോഗ്രാഫർ എച്ച് കെ രാജശേഖറും കൂടി കാണാൻ പോയി. ഇന്നത്തെപ്പോലെ അന്നും അമൃതസ്വരൂപാനന്ദ തന്നെയാണ് ആൾദൈവത്തിന്റെ ഫുൾ കൺട്രോൾ. പതിവുപരിപാടിയൊക്കെ കഴിഞ്ഞെത്തിയ അമൃതാനന്ദമയി ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനെത്തി. കുറെ വർത്തമാനമൊക്കെ കഴിഞ്ഞ നേരത്താണ് ആയിടെ അമൃതാനന്ദമയിയുടെ ജന്മദിനത്തിൽ വി എച്ച് പി ഒരു ഹർത്താലിൽ നിന്ന് ആശ്രമത്തെ ഒഴിവാക്കിയതിനെപ്പറ്റി ചോദിച്ചത്.

“താങ്കളും വി എച്ച് പിയും തമ്മിൽ കൂട്ടുണ്ടല്ലേ?” – ഞാൻ .

അന്ന് ഹിന്ദുത്വ രാഷ്ട്രീയമൊന്നും പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലാത്ത ലോക മാതാവ് ഒന്നും മിണ്ടാതെ അമൃതസ്വരൂപാനന്ദ പുരിയെ നോക്കി. പുരി എന്നെ തുറിച്ചു നോക്കി. ടേപ്പ് ഓടിക്കൊണ്ടിരിക്കുകയാണ്.

പിന്നെ മൗനം വെടിഞ്ഞ് മാതാവിന്റെ നിഷ്ക്കളങ്കമായ ചോദ്യം.

“എന്താ മോനെ, ഈ വി എച്ച് പി ?”

അടവ് മനസ്സിലായെങ്കിലും പറഞ്ഞു കൊടുത്തു. ആദ്യമായി കേൾക്കുന്ന പോലെ ലോകമാതാവ് നടിച്ചു. ഞാൻ അത് പിന്നത്തേക്കായി കരുതി വച്ചു. 🙂

വർത്തമാനം പുരോഗമിക്കുന്നതിനിടെ വീണ്ടും സംഭാഷണം രാഷ്ട്രീയത്തിലെത്തി.

സംഭാഷണത്തിനിടെ അബദ്ധത്തിൽ ലോക മാതാവ്: “വി എച്ച് പീടെ തൊഗാഡിയ കാണാൻ വന്നിരുന്നു… “

” അപ്പോ താങ്കൾക്ക് വി എച്ച് പിയും തൊഗാഡിയയുമൊക്കെ അറിയാം”- ഞാൻ.

മാതാവ് പെട്ടു. സുന്ദർദാസിന്റെ മുഖത്ത് പതിവ് പുച്ഛസ്മിതം. ജോസഫ് അച്ചായൻ “ഇവൻ തല്ലുകൊള്ളിക്കും ” എന്ന ഭാവത്തിൽ എന്നെ നോക്കുന്നു. അമൃതസ്വരൂപാനന്ദയ്ക്ക് ദേഷ്യം കൊണ്ട് കണ്ണു കത്തുന്നു. ലോകമാതാവിനെയാണ് ഞാൻ പെരുങ്കള്ളിയാക്കിയിരിക്കുന്നത്. ഘോര അപരാധം. 🙂

കുറച്ചു കഴിഞ്ഞ് മൗനം വെടിഞ്ഞ ആൾദൈവം: “ഞാനാരുമല്ല മോനെ, എനിക്ക് വെറും തൂപ്പുകാരിയായാലും മതി.”

ചോദ്യത്തിന് ഉത്തരം കിട്ടിയില്ല.

തൂപ്പുകാരി സെന്റിമെന്റ്സിൽ തീർന്നു.

ഇന്നിപ്പോ ഹിന്ദുത്വയുടെ കാവലമ്മയായി ദാ അയ്യപ്പഭക്തരുടെ മുന്നിലിരിക്കുന്നു.

ഹോ! ഭയങ്കരം തന്നെ. 🙂 ശരണമയ്യപ്പ സ്വാമീയേ കീ ജയ് !

'ശരണമയ്യപ്പ സ്വാമീയേ കീ ജയ് ' കേട്ടപ്പോൾ പഴയൊരു കഥ ഓർത്തു. അമൃതാനന്ദമയി 2005- ലോ 2006് -ലോ ചെന്നൈ വിരുഗംപാക്കത്തുള്ള…

Posted by J Binduraj on Sunday, January 20, 2019