ആവശ്യങ്ങളൊന്നും നേടിയെടുക്കാതെ നാണംകെട്ട് ബിജെപി സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ചു; പരിപാടിയില്‍ പങ്കെടുക്കാതെ വി.മുരളീധരന്‍ എംപിയും കെ.സുരേന്ദ്രനും; വിവാദം

single-img
20 January 2019

ശബരിമല യുവതി പ്രവേശന വിഷയം ഉയര്‍ത്തി ബി.ജെ.പി സെക്രട്ടറിയേറ്റ് നടയില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചതോടെ പാര്‍ട്ടിയിലെ ഭിന്നതയും മറനീക്കി പുറത്തുവന്നു. നിരാഹാരസമരം അവസാനിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാതെ വി.മുരളീധരന്‍ എംപിയും ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും മാറിനിന്നു.

മറ്റ് പ്രമുഖ സംസ്ഥാന നേതാക്കളെല്ലാം പങ്കെടുത്തപ്പോഴും ഇവരുടെ അസാന്നിധ്യം അണികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. പരിവാര്‍ സംഘടനയായ കര്‍മസമിതിയുടെ പ്രതിഷേധത്തിലേക്ക് ശബരിമല സമരം കേന്ദ്രീകരിച്ചതും സമരത്തിനോടു പാര്‍ട്ടിയിലെ മുരളീധര പക്ഷത്തിനു താല്‍പര്യമില്ലാത്തതും സെക്രട്ടറിയേറ്റ് സമരത്തിനു തിരിച്ചടിയായിരുന്നു.

ചിത്തിര ആട്ടവിശേഷത്തിനിടെ സന്നിധാനത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സുരേന്ദ്രന്‍ അറസ്റ്റിലായതും, ഈ സമയത്ത് സംസ്ഥാന ഘടകമെടുത്ത നിലപാടിലും മുരളീധര പക്ഷത്തിന് വിയോജിപ്പുണ്ടായിരുന്നു. ഇതാണ് ഇരുവരും വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് സൂചന.

ശബരിമല പ്രശ്‌നത്തില്‍ അഞ്ചാം ഘട്ടമായി ആരംഭിച്ച സമരമായിരുന്നു സെക്രട്ടറിയേറ്റ് പടിക്കലെ നിരാഹാര സമരം. സംസ്ഥാന ഭാരവാഹികളെ സമരത്തിരുത്തി കരുത്തു പ്രകടിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ രണ്ടാഴ്ച പിന്നിട്ടപ്പോള്‍ മുന്‍നിര നേതാക്കന്‍മാര്‍ പിന്‍വാങ്ങിയതോടെ സമരം തണുത്തു.

സമരത്തിന്റെ ആവശ്യത്തോട് സര്‍ക്കാരും മുഖം തിരിച്ചതോടെ സമരം നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ആര്‍ എസ് എസ് നിലപാടും സമരം നിര്‍ത്തണമെന്നായിരുന്നു. ഇതോടെ ഏഴാമനായി നിരാഹാരം അനുഷ്ഠിച്ച ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസിന് നാരങ്ങാനീര് നല്‍കി നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു. 49 ദിവസം നീണ്ടു നിന്ന സമരമാണ് ശബരിമല നടയടച്ചതോടെ അവസാനിപ്പിച്ചത്.

ശബരിമലയിലെ ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കുക, ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിക്കുക, നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേയുള്ള കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബി.ജെ.പി. അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. എന്നാല്‍ സമരത്തിന്റെ ഒരുഘട്ടത്തിലും സര്‍ക്കാര്‍ ബി.ജെ.പി. നേതാക്കളുമായി ചര്‍ച്ച നടത്താനോ ഇവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനോ തയ്യാറായില്ല.