നാലാഴ്ചയായി തുടരുന്ന അമേരിക്കയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് താല്‍കാലിക വിരാമമിടാന്‍ ശ്രമിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

single-img
20 January 2019

അനധികൃത കുടിയേറ്റക്കാരെ മൂന്ന് വര്‍ഷക്കാലം സംരക്ഷിക്കാമെന്നും പകരം മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള ഫണ്ടിലേക്ക് 5.7 ബില്യണ്‍ ഡോളര്‍ നല്‍കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മതിലിന് ഫണ്ട് അനുവദിക്കുന്നതിന്റെ പേരില്‍ ഉടക്കി ഒരു മാസത്തിലേറെയായി രാജ്യത്ത് നിലനില്‍ക്കുന്ന ഭാഗിക ഭരണസ്തംഭനം ഒഴിവാക്കാന്‍ ഈ നിര്‍ദേശം സഹായിക്കുമെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍.

യു.എസ് എന്നും കുടിയേറ്റക്കാരെ സ്വീകരിച്ച ചരിത്രമാണുള്ളതെന്നും എന്നാല്‍ ഇപ്പോള്‍ കുടിയേറ്റം അമേരിക്കയെ തന്നെ തകര്‍ക്കുന്ന നിലയില്‍ അധികരിച്ചുവെന്നും ട്രംപ് പറഞ്ഞു. അതിര്‍ത്തി മുഴുവനായും മതില്‍ കെട്ടി അടക്കുകയല്ല, ശക്തമായ സുരക്ഷ ആവശ്യമുള്ളിടത്തു മാത്രം സ്റ്റീലുകൊണ്ടുള്ള മതില്‍ പണിയുകയാണ് ചെയ്യുന്നതെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍ അതിന് 5.7 ബില്യണ്‍ ഡോളര്‍ ആവശ്യമാണ്.

ഏഴ് ലക്ഷത്തോളം പേരാണ് യു.എസിലേക്ക് പങ്കാളികളുമായി അനധികൃതമായി കുടിയേറിയത്. ഇവര്‍ക്ക് പൗരത്വമില്ലാതെ യു.എസില്‍ ജോലി ചെയ്യാം എന്ന നിയമമനുസരിച്ച് നാടുകടത്തലില്‍ നിന്ന് സംരക്ഷണമുണ്ട്. ഈ സംരക്ഷണം അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി ജോലി ചെയ്യാന്‍ അനുവാദം നല്‍കാം എന്നാണ് ട്രംപിന്റെ ഒത്തു തീര്‍പ്പ് വ്യവസ്ഥ.

എന്നാല്‍, ട്രംപ് നിലപാട് വ്യക്തമാക്കുന്നതിന് മുന്‍പ് തന്നെ ഡെമോക്രാറ്റുകള്‍ പ്രതികരണവുമായി എത്തിയിരുന്നു. പ്രസിഡന്റ് ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അനുവദിക്കാനാകില്ലെന്നും പ്രസ്താവന അംഗീകരിക്കില്ലെന്നും ഡെമോക്രാറ്റിക് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കി.