ശബരിമല സമരം പരാജയമെന്ന് സമ്മതിച്ച് ശ്രീധരന്‍പിള്ള

single-img
20 January 2019

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ബി.ജെ.പി നടത്തി വരുന്ന സമരം ഇന്ന് അവസാനിപ്പിക്കും. ശബരിമല നട അടയ്ക്കുന്നതും പുനഃപരിശോധനാ ഹരജി പരിഗണിക്കുന്നത് മാറ്റുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.

നിരാഹാര സമരം നിര്‍ത്താനാണ് ആര്‍.എസ്.എസും നിര്‍ദ്ദേശം നല്‍കിയത്. വിശ്വാസ സംരക്ഷണത്തിനായുള്ള സമരം പൂര്‍ണ വിജയമായില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമല പ്രശ്‌നം രാഷ്ട്രീയമായി ഉയര്‍ത്തി നേട്ടമുണ്ടാക്കുന്നതിനായിരുന്നു സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങിയത്. പാര്‍ട്ടി അണികളില്‍ ആവേശം പകര്‍ന്ന് നടന്ന സമരം പക്ഷേ മുന്നോട് പോകുന്തോറും പ്രതീക്ഷിച്ച വിജയം കാണാനായില്ല.

സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ പിന്‍വലിക്കണമെന്നതായിരുന്നു സമരത്തിന്റെ പ്രധാന ആവശ്യം. എന്നാല്‍ മകരവിളക്കിന് ശേഷമാണ് നിരോധനാജ്ഞ നീക്കിയത്.

ഇതോടെ സമരം പുനഃപരിശോധന ഹരജി പരിഗണിക്കുന്നത് വരെ തുടരാന്‍ തീരുമാനിച്ചു. എന്നാല്‍ അതും നീളുമെന്നായതോടെ സമരം തുടരുന്നതില്‍ അര്‍ഥമില്ലെന്ന് തീരുമാനിക്കുകയായിരുന്നു.