ശബരിമല സമരം സമ്പൂർണ്ണ വിജയം: എ എൻ രാധാകൃഷ്ണൻ

single-img
20 January 2019

ശബരിമല വിഷയം മുൻനിർത്തി ബിജെപി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ നിരാഹാര സമരം സമ്പൂർണ്ണ വിജയമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണൻ അവകാശപ്പെട്ടു. വിശ്വാസികളെ അടിച്ചമർത്തുന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടതെന്നും, സർക്കാരിന്‍റെ ഇത്തരം വിശ്വാസ വിരുദ്ധ നിലപാടുകൾക്കെതിരെ ഭക്തർക്കൊപ്പം ചേർന്ന് സമരം തുടരുമെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു.

എന്നാല്‍ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ നിരാഹാര സമരം പൂർണ്ണവിജയം ആയിരുന്നില്ല എന്ന് സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല നിരാഹാര സമര വേദിയിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാണ് ആദ്യം നിരാഹാരമിരുന്നത്. പിന്നീട് സി.കെ.പത്മനാഭന്‍, ശോഭാ സുരേന്ദ്രന്‍, ശിവരാജന്‍, പി.എം.വേലായുധന്‍, വി.ടി. രമ, പി.കെ.കൃഷ്ണദാസ് എന്നിവരും നിരാഹാരം അനുഷ്ഠിച്ചു. 49 ദിവസമാണ് സെക്രട്ടറിയേറ്റിനു മുന്നിൽ ബിജെപി നിരാഹാരസമരം നടത്തിയത്. സമരത്തിന്റെ ഒരു ഘട്ടത്തിൽ പോലും സർക്കാർ ബിജെപിയെ ചർച്ചക്ക് പോലും ക്ഷണിച്ചിരുന്നില്ല.