കോട്ടയത്ത് പതിനഞ്ചുകാരിയെ ബലാത്സംഗംചെയ്ത് കൊന്ന് കുഴിച്ചുമൂടി; പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍

single-img
20 January 2019

കോട്ടയം അയര്‍ക്കുന്നത്തുനിന്നു മൂന്നുദിവസം മുമ്പു കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മണര്‍കാട്, മാലം കുഴിനാഗതലത്തില്‍ അജീഷിനെ(35) പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന, കളപ്പുരയ്ക്കല്‍പടിക്കു സമീപം ചെന്നിക്കര ഹോളോബ്രിക്സ് കമ്പനി വളപ്പിലെ വാഴച്ചുവട്ടിലാണു മൃതദേഹം കുഴിച്ചുമൂടിയത്.

ഹോളോബ്രിക്സ് കമ്പനിയോടു ചേര്‍ന്ന മുറിയിലാണ് അജീഷ് താമസിച്ചിരുന്നത്. ഇവിടെവച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നെന്നു പ്രതി മൊഴി നല്‍കി.

അജീഷും പെണ്‍കുട്ടിയുടെ പിതാവും സുഹൃത്തുക്കളായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുമായി പ്രതി സൗഹൃദം സ്ഥാപിക്കുകയും മൊബൈല്‍ നമ്പര്‍ വാങ്ങിക്കയും ചെയ്തു. സ്ഥിരമായി അജിഷ് വീട്ടിലെത്തിയതോടെയാണു പെണ്‍കുട്ടിയുമായി കൂടുതല്‍ അടുത്തത്.

വ്യാഴാഴ്ച ഉച്ചയോടെ അയര്‍ക്കുന്നത്തിനു പോകുന്നതിനുവേണ്ടിയെന്നു പറഞ്ഞാണു പെണ്‍കുട്ടി വീട്ടില്‍ നിന്നുമിറങ്ങിയത്. മൊബൈലില്‍ വിളിച്ച് അരീപ്പറമ്പ് കളപ്പുരയ്ക്കല്‍ പടിക്കലുള്ള ഹോളോ ബ്രിക്സ്‌കമ്പനിയിലേക്കു വരാന്‍ ആവശ്യപ്പെടുകയായിരുന്നു.

അയര്‍ക്കുന്നം ഇല്ലിമൂലയില്‍ നിന്നു ബസില്‍ കയറിയ പെണ്‍കുട്ടി ഒറവയ്ക്കലെത്തി അവിടെനിന്നാണ് അരീപ്പറമ്പില്‍ എത്തിയത്. ഹോളോ ബ്രിക്സ് കമ്പനിയില്‍ അജീഷ് താമസിക്കുന്ന മുറിയിലേക്കു വിളിച്ചു കയറ്റിയ പെണ്‍കുട്ടിയെ മുറിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു.

പീഡനത്തെ എതിര്‍ത്തതോടെ കഴുത്തില്‍ ഷാളിട്ടു മുറുക്കിയാണു കൊലപ്പെടുത്തിയത്. ആദ്യം അബോധാബസ്ഥയിലായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷമാണു പ്രതി കൊലപ്പെടുത്തിയത്.

ഈ സമയം ഹോളോ ബ്രിക്സ് കമ്പനിയില്‍ ഇതര സംസ്ഥാന തൊഴിലാളില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവര്‍ കമ്പനിയുടെ മറുവശത്തേക്കു മാറിയ സമയം നോക്കി മൃതദേഹം വലിച്ചിഴച്ചു കമ്പനി വളപ്പിലെ വാഴചുവട്ടിലേക്കു മാറ്റി.

തുടര്‍ന്ന് അവിടെ കൂട്ടിയിരുന്ന മണ്ണെടുത്തു മൃതദേഹം മൂടുകയായിരുന്നു. മണ്ണ് ഇളകിക്കിടന്ന ഭാഗമായതിനാല്‍ ആര്‍ക്കും സംശയം തോന്നിയില്ല. തുടര്‍ന്നു ടിപ്പറുമായി പുറത്തേക്കു പോയ അജീഷ് പതിവുപോലെ വെള്ളിയാഴ്ച രാവിലെയും ജോലിക്കെത്തിയെങ്കിലും രാവിലെ തന്നെ ടിപ്പറുമായി പുറത്തു പോവുകയും ചെയ്തു.

ഇതിനിടെ വെളളിയാഴ്ച രാവിലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അയര്‍ക്കുന്നം എസ്.ഐ. അനൂപ് ജോസിനു പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ വിശദമായി സൈബര്‍ സെല്ലു വഴി പരിശോധിച്ചപ്പോള്‍ ഈ നമ്പരിലേക്കു ഏറ്റവും അവസാനം വന്ന കോള്‍ അജീഷിന്റെയാണെന്നു ബോധ്യപ്പെട്ടു.

ദിവസം പത്തിലേറെ തവണ അജീഷിന്റെ ഫോണില്‍ നിന്നു പെണ്‍കുട്ടിയുടെ ഫോണിലേക്കും തിരിച്ചും കോള്‍ വന്നിരുന്നുവെന്നു വ്യക്തമായതോടെ പോലീസ് അജീഷിനെ വിളിച്ചു വരുത്തുകയായിരുന്നു.

ആദ്യം പെണ്‍കുട്ടിയെ അറിയില്ലെന്ന നിലപാടാണ് അജീഷ് സ്വീകരിച്ചത്. പിന്നീട് പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് വിളിച്ചു വരുത്തി. ഇതോടെ അജീഷിനു പെണ്‍കുട്ടിയെ പരിജയമുണ്ടെന്നു സമ്മതിക്കേണ്ടി വന്നു.

പിന്നീട് ഫോണ്‍ വിളിയുടെ രേഖകള്‍ പോലീസ് ഹാജരാക്കിയതോടെ അജീഷ് കുറ്റം സമ്മതിക്കുകയായിരുന്നു. ഡിവൈ.എസ്.പി: ശ്രീകുമാര്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: പാര്‍ത്ഥസാരഥി പിള്ള, അയര്‍ക്കുന്നം എസ്.ഐ: അനൂപ് ജോസ്, മണര്‍കാട് എസ്.ഐ: വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.