കൊച്ചിയില്‍ നടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ വന്‍ ട്വിസ്റ്റ്

single-img
20 January 2019

കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദ്ധാനം നല്‍കി മലയാളത്തിലെ പ്രമുഖ നിര്‍മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ നിര്‍ണായക വഴിത്തിരിവ്. നടിയുടെ പരാതിക്ക് പിന്നില്‍ ബ്ലാക്ക്‌മെയിലിംഗ് സംഘമാണെന്ന് സംശയിക്കുന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നു.

പോലീസില്‍ പരാതി നല്‍കിയ ശേഷം പ്രതിയായ നിര്‍മാതാവിനെ നടി ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ മനോരമന്യൂസാണ് പുറത്തുവിട്ടത്. കേസ് ഒഴിവാക്കാന്‍ ആറ് കോടി രൂപ നല്‍കണമെന്ന് നടി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവിട്ടിരിക്കുന്നത്.

കേസില്‍ പ്രതിയായ നിര്‍മാതാവിന് കോടതി ജാമ്യം നല്‍കിയത് ഈ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, നടി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതായി കാട്ടി നിര്‍മാതാവ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുകയാണെന്നും വിവരമുണ്ട്.

വൈശാഖ് രാജന്‍ നിര്‍മിച്ച് 2015ല്‍ പുറത്തിറങ്ങിയ ചങ്ക്‌സ് എന്ന സിനിമയില്‍ ഏതാനും സീനില്‍ അഭിനയിച്ച കൊച്ചിക്കാരിയായ യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. അടുത്ത സിനിമയില്‍ നല്ല വേഷം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.

നടിയുടെ പരാതി ലഭിച്ചിരുന്നെങ്കിലും ആഴ്ചകള്‍ക്ക് ശേഷമാണ് ഇക്കാര്യം പൊലീസ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുന്നതിന് വേണ്ടിയാണ് ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്നാണ് കൊച്ചി നോര്‍ത്ത് സി.ഐ കെ.ജെ പീറ്റര്‍ അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്. നോര്‍ത്ത് സി.ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.

നിര്‍മാതാവിന്റെ പേര് വെളിപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറായതുമില്ല. പരാതിയില്‍ വാസ്തവമുണ്ടെങ്കില്‍ അന്വേഷിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ ആരെയും വ്യക്തിഹത്യ നടത്താനില്ലെന്നും സി.ഐ വ്യക്തമാക്കിയിരുന്നു.