ശബരിമല വിഷയത്തില്‍ ബി.ജെ.പി സമരം വിജയം; വീണ്ടും മലക്കംമറിഞ്ഞ് ശ്രീധരന്‍പിള്ള

single-img
20 January 2019

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി സമരം വിജയമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കന്മാരെ ലോകമെമ്പാടും അറിയാന്‍ അവസരം നല്‍കിയതായിരുന്നു ശബരിമല വിഷയത്തിലെ സമരം. ദൈവഹിതവും ബി.ജെ.പിക്കൊപ്പമാണെന്നും പോരാട്ടം തുടരുമെന്നും ശ്രീധരന്‍പിള്ള വിശദമാക്കി.

എന്നാല്‍ ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരം പൂര്‍ണ്ണവിജയമായില്ലെന്ന് ശ്രീധരന്‍പിള്ള നേരത്തെ പറഞ്ഞിരുന്നു. സെക്രട്ടറിയേറ്റിനു മുന്നിലെ ഉപവാസ വേദിയില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

അതേസമയം, ശബരിമല സമരത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കഴിഞ്ഞ മൂന്നുദിവസമായി നിരാഹാരം കിടന്നിരുന്ന ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന് ഗാന്ധിയന്‍ ഗോപിനാഥന്‍ നായരും അയ്യപ്പന്‍പിള്ളയും ചേര്‍ന്ന് നാരങ്ങാനീര് നല്‍കിയാണ് ഇന്ന് സമരം അവസാനിപ്പിച്ചത്.

സമരം എങ്ങനെ അവസാനിപ്പിക്കുമെന്ന ആശങ്കയിലായിരുന്നു ബി.ജെ.പി നേതൃത്വം. സമരം ഏറ്റെടുക്കാന്‍ നേതാക്കള്‍ തയാറാവാത്തതും സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവാത്തതും ബി.ജെ.പിയെ വെട്ടിലാക്കിയിരുന്നു. പന്തലില്‍ അണികളുടെ എണ്ണം ദിനംപ്രതി കുറയുന്നത് പരിഗണിച്ച് അയ്യപ്പ ഭക്ത സംഗമം നടക്കുന്ന ഇന്നുതന്നെ സമരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ആറാംഘട്ട സമരവും ബിജെപി പ്രഖ്യാപിച്ചു. രണ്ടാഴ്ചക്കാലം ജനസമ്പര്‍ക്ക യജ്ഞം നടത്താനും പ്രശ്‌നപരിഹാരമായില്ലെങ്കില്‍ ശബരിമല നടതുറക്കുന്ന കുംഭം ഒന്നാംതിയതി ഉപവാസ സമരത്തിനുമാണ് തീരുമാനം.