കര്‍മസമിതിയുടെ ‘ശതം സമര്‍പ്പയാമി’യെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

single-img
20 January 2019

ശബരിമല വിഷയത്തില്‍ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവര്‍ത്തകരെ പുറത്തിറക്കാന്‍ ശബരിമല കര്‍മസമിതിയുടെ ‘ശതം സമര്‍പ്പയാമി’ എന്ന് പേരിട്ട ധനശേഖരണത്തെ ട്രോളി സോഷ്യല്‍ മീഡിയ. കഴിഞ്ഞദിവസം ശബരിമല കര്‍മസമിതി നേതാവ് കെ പി ശശികല സോഷ്യല്‍ മീഡിയയിലൂടെ പിരിവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രോളുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തിയത്.

‘ഞാന്‍ (സ്വയം) 100 സമര്‍പ്പിക്കുന്നു’ എന്നാണ് ശതം സമര്‍പ്പയാമി എന്നതിന്റെ യഥാര്‍ത്ഥ സംസ്‌കൃത അര്‍ത്ഥം. ശബരിമലയില്‍ കാണിക്കയിടരുതെന്ന് ആവശ്യപ്പെട്ടവരാണ് ഇപ്പോള്‍ ശതം സമര്‍പ്പയാമിയുമായി പിരിവിന് ഇറങ്ങുന്നതെന്നതെന്ന് ട്രോളുകാരും രാഷ്ട്രീയ എതിരാളികളും പരിഹസിക്കുന്നു.

സംസ്‌കൃതത്തില്‍ തെണ്ടിയാല്‍ മനസിലാകില്ലെന്ന് കരുതിയോ, ജയിലില്‍ കിടക്കുന്ന മിത്രങ്ങളെ പുറത്തിറക്കാന്‍ പണം പിരിക്കുന്നത് ഇത്ര വലിയ തെറ്റോ. ധീരയോദ്ധാക്കളായ സുമേഷ് കാവിപ്പടയെയും പീതാംബരന്‍ കാവിപ്പടയേയും പുറത്തിറക്കൂ… തുടങ്ങി ട്രോളുകളുമായി സമൂഹമാധ്യമങ്ങള്‍ കളം നിറയുകയാണ്.