സമരത്തില്‍ പങ്കെടുക്കരുത്, അഭിമുഖം നല്‍കരുത്; വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മുന്നറിയിപ്പുമായി സീറോ മലബാര്‍ സഭ

single-img
19 January 2019

വൈദികര്‍ക്കും സന്ന്യാസിമാര്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി സീറോ മലബാര്‍ സഭ. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കന്യാസ്ത്രീകള്‍ അച്ചടക്ക നടപടി നേരിട്ടതിനു തൊട്ടു പിന്നാലെയാണ് വിഷയത്തില്‍ സഭ നിലപാട് കടുപ്പിക്കുന്നത്. പൊതുസമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് സഭാ സിനഡിന്റെ തീരുമാനമെന്ന് സഭ പുറത്ത് വിട്ട അറിയിപ്പില്‍ പറയുന്നു.

അരാജകത്വത്തിന്റെ അരൂപി സഭയില്‍ വളരാതിരിക്കാന്‍ പരിശ്രമിക്കണമെന്നും, സമീപകാലത്ത് ചില വൈദികരും സന്യസ്തരും ഉള്‍പ്പെട്ട പ്രതിഷേധങ്ങളും സമരങ്ങളും അച്ചടക്കത്തിന്റെ സകല സീമകളും ലംഘിച്ചതായും സിനഡ് വിലയിരുത്തുന്നു. ചില വൈദികരും സന്യസ്തരും സഭാ വിരുദ്ധ ഗ്രൂപ്പുകളുടെ കൈകളിലെ പാവകളായി മാറിയെന്നും സിനഡ് കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് സിനഡ് നടപടി സ്വീകരിച്ചിരിക്കുന്നത്.

സഭയില്‍ അച്ചടക്ക ലംഘനം നടത്തുന്ന വ്യക്തികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. അത് തൃപ്തികരമല്ലെങ്കില്‍ ശിക്ഷാനടപടി സ്വീകരണമെന്നും സിനഡ് നിര്‍ദ്ദേശിക്കുന്നു. സഭയ്‌ക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെയും സംഘടനകള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുനും സിനഡ് തീരുമാനിച്ചിട്ടുണ്ട്. സഭ നിയോഗിക്കുന്ന ഔദ്യോഗിക വക്താക്കള്‍ വഴിയേ വാര്‍ത്തകള്‍ നല്‍കാന്‍ പാടുള്ളൂ. ചാനല്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും സന്യസ്തരും വൈദികരും പങ്കെടുക്കുന്നത് രൂപതാധ്യക്ഷന്റെ മേജര്‍ സുപ്പീരിയറുടെ അനുമതിയോടെ മാത്രമായിരിക്കണമെന്നും സിനഡ് അറിയിച്ചു. മാധ്യമ സംബന്ധമായ കാര്യങ്ങള്‍ ഏകീകരിച്ച് നടപ്പിലാക്കാന്‍ സിനഡ് ഒരു മീഡിയ കമ്മീഷനെ നിയമിച്ചിട്ടുണ്ട്.