മുനമ്പം മനുഷ്യക്കടത്ത്: നടന്നത് കോടികളുടെ ഇടപാട്; അവയവ വിൽപന റാക്കറ്റും മുനമ്പത്ത് എത്തി

single-img
19 January 2019

മുനമ്പം മനുഷ്യക്കടത്തില്‍ കോടികളുടെ ഇടപാടു നടന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. മുനമ്പത്തുനിന്ന് ബോട്ടില്‍ കയറാന്‍ സാധിക്കാതെ ഡല്‍ഹി അംബേദ്കര്‍ കോളനിയിലേക്ക് തിരികെ എത്തിയ ദീപക്, പ്രഭു എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പൊലീസിന് നിർണ്ണായകമായ വിവരങ്ങൾ ലഭിച്ചത്. ഇവരെ കൂടുതൽ തെളിവെടുപ്പിനായി ഇന്നു കൊച്ചിയിലെത്തിക്കും.

പോകാന്‍ തയ്യാറായ ആളുകളില്‍നിന്നായി ആറുകോടിയോളം രൂപ പിരിച്ചെടുത്തതായാണ് വിവരം. ഇരുന്നൂറിനും മുന്നൂറിനും ഇടയില്‍ ആളുകള്‍ ബോട്ടില്‍കയറി പോയിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ ഓരോരുത്തരില്‍നിന്നും ഒന്നരലക്ഷം രൂപ മുന്‍കൂറായി വാങ്ങിയിരുന്നുവെന്നാണ് സൂചന.ഒരു കുടുംബത്തെ കടത്താൻ 5 ലക്ഷം രൂപയാണു റാക്കറ്റ് ആവശ്യപ്പെട്ടത്. ഇവരുടെ പക്കൽ 3 ലക്ഷം രൂപയാണുണ്ടായിരുന്നത്. അതിനാൽ ഇവരുടെ ഇവരുടെ ഭാര്യമാരും മക്കളെയും കയറ്റി അയക്കുകയിരുന്നു.

അതേസമയം മനുഷ്യക്കടത്തു സംഘത്തിനൊപ്പം അവയവ വിൽപന റാക്കറ്റും മുനമ്പത്ത് സജീവമായിരുന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇവരിൽ പലർക്കും മനുഷ്യക്കടത്തുകാർ ആവശ്യപ്പെട്ട പണം നൽകാനുള്ള ശേഷിയില്ലായിരുന്നു. പണമില്ലാത്തതിനാൽ ബോട്ടിൽ കയറ്റാതെ മടക്കിയയച്ചവരെയാണ് അവയവ വിൽപന റാക്കറ്റ് സമീപിച്ചു പണം വാഗ്ദാനം ചെയ്തത്. ബോട്ടിൽ കയറാൻ കഴിയാതെ ന്യൂഡൽഹിക്കു മടങ്ങിയവർക്കൊപ്പം അവയവ റാക്കറ്റിന്റെ ഏജന്റുമാരുമുണ്ട്.

12ന് രാവിലെയാണ് മുനമ്പം ഹാർബറിന് സമീപം ബോട്ട് ജെട്ടിയോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ബാഗുകൾ കൂടിക്കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണമാണ് മനുഷ്യക്കടത്തു റാക്കറ്റിലേക്കും പിന്നീട് അവയവ റാക്കറ്റിലേക്കും എത്തിയത്.