ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്നത് നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയെന്ന് ശ്രീധരന്‍ പിള്ള

single-img
18 January 2019

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. പരാജയപ്പെട്ടിടത്ത് വിജയിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും റിവ്യൂ ഹര്‍ജി പരിഗണിക്കാനിരിക്കെ സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമലയില്‍ കയറിയ 51 യുവതികളുടെ പേരു വിവരങ്ങള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആധാര്‍ കാര്‍ഡും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണു സുപ്രീം കോടതിയില്‍ നല്‍കിയത്.

ദര്‍ശനം നടത്തിയ 40നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പേര് വിവരങ്ങളാണ് നല്‍കിയത്. രണ്ട് പേജുള്ള പട്ടികയാണ് നല്‍കിയത്. പട്ടികയില്‍ ഉള്ളവരില്‍ ഭൂരിഭാഗവും ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് കളവാണെന്ന് എതിര്‍ഭാഗം വാദിച്ചു. എത്രപേര്‍ കയറിയെന്നത് കോടതിയെ ബാധിക്കുന്ന വിഷയമല്ലെന്നും ഇതിനെ ഖണ്ഡിച്ച് കൊണ്ട് കോടതി വ്യക്തമാക്കി. അതിനാല്‍ തന്നെ പേരുവിവരങ്ങളോ പട്ടികയോ സുപ്രീം കോടതി പരിശോധിച്ചില്ല.

അതേസമയം ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനും കനക ദുര്‍ഗയ്ക്കും പോലീസ് സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബിന്ദുവും കനക ദുര്‍ഗയും ആവശ്യപ്പെടുന്ന വിധത്തില്‍ സുരക്ഷ നല്‍കണമെന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും കോടതി നിരീക്ഷിച്ചു. ബിന്ദുവിനും കനക ദുര്‍ഗയ്ക്കും ഉള്‍പ്പെടെ 51 യുവതികള്‍ക്ക് സുരക്ഷ നല്‍കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇവര്‍ക്കുള്ള സുരക്ഷ തുടരാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മുഴുവന്‍സമയ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടാണ് കനക ദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയെ സമീപിച്ചത്. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും ഇരുവരും കോടതിയെ അറിയിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് ആണ് ഇരുവര്‍ക്കും വേണ്ടി ഹാജരായത്.

ശബരിമല നട ശനിയാഴ്ച അടയ്ക്കുന്നതിനാല്‍ ഈ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് അയ്യപ്പഭക്തര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ മാത്യു നെടുംപാറ ആവശ്യപ്പെട്ടു. എന്നാല്‍ ചീഫ് ജസ്റ്റീസ് ഈ ആവശ്യം തള്ളുകയായിരുന്നു.