നാണക്കേടൊന്നും തോന്നേണ്ട… തിരിച്ചുവരൂ; ഡെല്‍ഹിയിലെ ഹോട്ടലില്‍ കഴിയുന്ന ബി.ജെ.പി എം.എല്‍.എമാരോട് കര്‍ണാടക കോണ്‍ഗ്രസ്
കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബി.ജെ.പി നീക്കം പാളിയതോടെ പരിഹാസവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു. ഡല്‍ഹിയിലെ റിസോര്‍ട്ടില്‍ കഴിയുന്ന ബി.ജെ.പി എം.എല്‍.എമാരെയാണ് ദിനേഷ് ഗുണ്ടു പരിഹസിച്ചത്.
ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ അവധിക്കാലം ആഘോഷിക്കുന്ന ബി.ജെ.പിയുടെ എല്ലാ എം.എല്‍.എമാരെയും തിരിച്ചുവിളിക്കുന്നു. നിങ്ങള്‍ക്ക് നാണക്കേടൊന്നും തോന്നേണ്ട കാര്യമില്ല, എല്ലാവര്ക്കും സുസ്വാഗതം എന്നാണ് ദിനേഷ് ഗുണ്ടു പറഞ്ഞത്.
നവ വീര്യത്തോടെ എം.എല്‍.എമാര്‍ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കാം. ഇത്രയും കാലം അവഗണിച്ച സ്വന്തം മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളൊക്കെ ഇനി അവര്‍ വേഗത്തില്‍ തീര്‍ക്കുമെന്ന് കരുതുന്നുവെന്നും ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. നേരത്തെ, എം.എല്‍.എമാര്‍ ക്രിക്കറ്റ് കളിച്ചും സിനിമ കണ്ടും ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
അതേസമയം കര്‍ണാടകയില്‍ ഭരണം അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ‘ഓപ്പറേഷന് താമര’യെ ചെറുക്കാന്‍ കോണ്‍ഗ്രസ് ‘ഓപ്പറേഷന് സേവ് കര്‍ണാടക’ എന്ന പേരിലായിരുന്നു പദ്ധതി ഒരുക്കിയത്.
ഏതു വിധേനയും സര്‍ക്കാരിനെ നിലനിര്‍ത്തുക എന്ന ഹൈക്കമാന്‍ഡ് നിര്‍ദേശവുമായി കര്‍ണാടകയിലെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അണിയറ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.
വേണുഗോപാലിനു പുറമേ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും മന്ത്രി ഡി.കെ. ശിവകുമാറും ബെംഗളൂരു, മുംബൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നു.