നോട്ട് നിരോധനത്തിനു ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്റെ കമ്പനിയിലൂടെ ഇന്ത്യയില്‍ എത്തിയത് 8300 കോടി

single-img
18 January 2019

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ഡയറക്ടറായ കമ്പനിയുടെ പേരില്‍ ഒരുവര്‍ഷത്തിനുള്ളില്‍ 8300 കോടി രൂപയുടെ വിദേശനിക്ഷേപം വന്നതിനെ ചോദ്യംചെയ്ത് കേന്ദ്രസര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് 13 ദിവസത്തിനുള്ളില്‍ കേമെന്‍ ദ്വീപില്‍ രൂപവത്കരിച്ച കമ്പനിയുടെ പേരിലാണ് ഇത്രയും വലിയ തുകയുടെ നിക്ഷേപമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംഭവത്തില്‍ ആര്‍ബിഐ അന്വേഷണം നടത്തി ഈ പണമിടപാടിന്റെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു. നികുതിവെട്ടിപ്പുകാര്‍ പണം നിക്ഷേപിക്കുന്ന സ്ഥലമാണ് കരീബിയന്‍ കടലിലെ കേമെന്‍ ദ്വീപ്. പ്രധാനമന്ത്രി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് 13 ദിവസത്തിനുശേഷമാണ് ജി.എന്‍.വൈ. ഏഷ്യ എന്ന പേരില്‍ കമ്പനി രൂപവത്കരിച്ചത്.

നാലാം മാസം മുതല്‍ ഈ കമ്പനിയില്‍നിന്ന് ഇന്ത്യയിലേക്ക് വിദേശനിക്ഷേപം വരാന്‍ തുടങ്ങി. കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍ വിദേശനിക്ഷേപമായി വന്ന അത്രയും തുക ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെത്തിയതെങ്ങനെയെന്ന് ജയറാം രമേശ് ചോദിച്ചു. കമ്പനിക്ക് രണ്ടു ഡയറക്ടര്‍മാരുണ്ട്. ഒന്ന്, അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവല്‍.

ഡോണ്‍ ഡബ്ല്യു. ഇബാങ്ക്‌സ് എന്ന പേരിലാണ് രണ്ടാം ഡയറക്ടര്‍. ഇതാരാണെന്നു വ്യക്തമാക്കണം. ഇയാളുടെപേര് നികുതിവെട്ടിപ്പു നടത്തിയവരെക്കുറിച്ചു വെളിപ്പെടുത്തലുള്ള പാനമ രേഖകളിലുമുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.

2011ല്‍ വിദേശത്തെ ഇന്ത്യന്‍ കള്ളപ്പണത്തെക്കുറിച്ചു പഠിക്കാന്‍ രൂപീകരിച്ച ബിജെപിയുടെ കമ്മിറ്റി – ഇന്ത്യന്‍ ബ്ലാക് മണി അബ്രോഡ്: സീക്രട്ട് ബാങ്ക്സ് ആന്‍ഡ് ടാക്സ് ഹാവന്‍സ് – നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ഇത്തരം സ്ഥലങ്ങളില്‍നിന്നുള്ള നേരിട്ടുള്ള വിദേശനിക്ഷേപം പരസ്യമാക്കണമെന്നു പറയുന്നുണ്ട്. സ്വന്തം റിപ്പോര്‍ട്ടിനോട് നീതി പുലര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നും ജയറാം രമേശ് പറഞ്ഞു.

വിദേശത്തെ കള്ളപ്പണനിക്ഷേപങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നു മുന്‍പ് പറഞ്ഞിട്ടുള്ള ഡോവല്‍ വാക്കു പാലിക്കണമെന്നും ജയറാം ആവശ്യപ്പെട്ടു. ആരോപണത്തില്‍ അജിത് ഡോവല്‍ മറുപടി നല്‍കണമെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് വ്യക്തമാക്കുന്നരീതിയില്‍ പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ട് പ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സംശയത്തിന്റെ നിഴലില്‍തന്നെയാണെന്ന് യെച്ചൂരി പറഞ്ഞു. അദ്ദേഹം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നുണ്ടോ എന്നു പരിശോധിക്കേണ്ടത് പ്രധാനമന്ത്രിയാണെന്നും യെച്ചൂരി വ്യക്തമാക്കി.