Kerala

`വാട്സ്ആപ്പ് സംഘി´കളെ ഒഴിവാക്കി വിദ്യാഭ്യാസമുള്ളവരെ തേടി ബിജെപി; ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ പ്രൊഫഷണൽ കോൾ സെൻ്ററുകൾ തുറക്കാൻ തീരുമാനം

നിയമസഭാമണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രൊഫഷണൽ കോൾ സെന്ററുകൾ തുറക്കാൻ ബിജെപി. തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിനായി പാർട്ടി ഒരുങ്ങുന്നതിൻ്റെ ഭാഗമായാണ് കോൾ സെൻ്ററുകൾ തുറക്കുന്നത്. ഓരോ സെന്ററിലും അഞ്ച് പ്രൊഫഷണലുകളെ പ്രത്യേകം തിരഞ്ഞെടുത്ത് നിയോഗിക്കാനും  തീരുമാനമായിട്ടുണ്ട്.

ആർഎസ്എസിൻ്റെ നിർദേശപ്രകാരമാണ് എല്ലാ നിയമസഭാമണ്ഡലങ്ങളിലും പ്രൊഫഷണൽ കോൾ സെന്റർ തുറക്കുന്നത്. എന്നാൽ ഈ സംരംഭത്തിൽ ബിജെപി  പാർട്ടിപ്രവർത്തകർ ഉണ്ടാകരുതെന്നുള്ള കർശന നിർദേശമുണ്ട്.

കേന്ദ്രാവിഷ്‌കൃതപദ്ധതികളുടെ ആനുകൂല്യം കിട്ടിയവരുടെ പട്ടിക തയ്യാറാക്കൽ മുതൽ അവരെ ഫോണിലൂടെ ബന്ധപ്പെട്ട് വോട്ടഭ്യർഥനവരെ കോൾ സെന്ററുകാർ നടത്തും. ഇന്ധനവിലവർധനയും നോട്ടുനിരോധനവുമെല്ലാം എതിർചേരി ആയുധമാക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ബിജെ.പി. കോൾ സെന്ററുകൾ ഒരുക്കുന്നത്.

കേന്ദ്രപദ്ധതികളുടെ ആനുകൂല്യങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും കിട്ടിയവരെ വശത്താക്കുകയാണ് ലക്ഷ്യം. തൊഴിലുറപ്പുമുതൽ റേഷൻ സബ്സിഡി വരെ കേന്ദ്രപദ്ധതികളാണെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്തും. ആരോപണങ്ങളെ ആനുകൂല്യങ്ങളുടെ പട്ടികകൊണ്ട് നേരിടാനാണ് തീരുമാനം. ആവാസ് യോജനയും മുദ്ര വായ്പയും സമഗ്രശിക്ഷാ അഭിയാനും ഉച്ചഭക്ഷണപദ്ധതിയുമെല്ലാം പ്രൊഫഷണലുകൾ വിശദീകരിക്കും.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കോൾ സെന്റർ നടത്തിപ്പിനുള്ള തുക സംസ്ഥാന പാർട്ടിഘടകം കണ്ടെത്തണം. അല്ലാത്ത സംസ്ഥാനങ്ങളിൽ പാർട്ടി കേന്ദ്രഘടകം തുക അനുവദിക്കാനാണ് നീക്കം.