ചരിത്രം പിറന്നു; കേരളം ആദ്യമായി രഞ്ജി സെമിയിൽ

single-img
17 January 2019

രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി കേരളം സെമിയില്‍. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ വീഴ്ത്തിയാണ് കേരളത്തിന്റെ ചരിത്ര നേട്ടം. 195 റണ്‍സ് വിജയലക്ഷ്യവുമായി മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനെ പേസര്‍മാരുടെ മികവില്‍ കേരളം 81 റണ്‍സിന് എറിഞ്ഞിട്ടു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും നാല് വിക്കറ്റെടുത്ത സന്ദീപ് വാര്യരും ചേര്‍ന്നാണ് ഗുജറാത്തിനെ തകര്‍ത്തത്. അങ്ങനെ 114 റണ്‍സിന്റെ ജയവുമായി കേരളം ആദ്യമായി സെമിയിലേക്ക്.

സ്കോര്‍ കേരളം 185/9, 162, ഗുജറാത്ത് 171,81.

കഴിഞ്ഞ വര്‍ഷം കേരളം വിധര്‍ഭയോട് ക്വാര്‍ട്ടറില്‍ തോല്‍ക്കുകയായിരുന്നു. ഗുജറാത്ത് ചാമ്പ്യന്മരായ 2017ല്‍ ഹൈദരാബാദും ആന്ധ്രയും ഹരിയാണയും അടങ്ങുന്ന ഗ്രൂപ്പ് ഘട്ടം കടക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നില്ല. ഇത്തവണത്തെ ക്വാര്‍ട്ടറില്‍ ആദ്യം ബാറ്റ് ചെയ്ത് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് മാത്രമെടുത്തപ്പോള്‍ സ്വന്തം മുറ്റത്ത് തോല്‍വിയെ മുഖാമുഖം കണ്ടതാണ് കേരളം. എന്നാല്‍, എതിരാളികളെ പേസര്‍മാര്‍ 162 റണ്‍സിന് എറിഞ്ഞിട്ടതോടെ കേരളത്തിന്റെ സ്വപ്‌നം വീണ്ടും പൂത്തുതുടങ്ങി.

സ്കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സെത്തിയപ്പോഴെ ഓപ്പണര്‍ കഥന്‍ ഡി പട്ടേലിനെ(5) ബൗള്‍ഡാക്കി ബേസില്‍ ഗുജറാത്തിന് ആദ്യ പ്രഹരമേല്‍പ്പിച്ചു . പഞ്ചലിനെയും(3) ബേസില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഗുജറാത്ത് സമ്മര്‍ദ്ദത്തിലായി. ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേലിനെ(0) കേരളാ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി റണ്ണൗട്ടാക്കിയതിന് പിന്നാലെ ഭട്ടിനെ(0) സന്ദീപ് വാര്യരും മടക്കിയതോടെ ഗുജറാത്ത് 18/4 എന്ന സ്കോറിലേക്ക് കൂപ്പുകുത്തി.

അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രാഹുല്‍ വി ഷായും(33നോട്ടൗട്ട്), ധ്രുവ് റാലും(17) ചേര്‍ന്ന് ചെറിയൊരു ചെറുത്തുനില്‍പ്പ്. ധ്രുവ് റാവലിനെ ബേസില്‍ തമ്പി തന്നെ മടക്കിയതോടെ ഗുജറാത്തിന്റെ പോരാട്ടം തീര്‍ന്നു. പിന്നാലെ കലാരിയ(2)യെ കൂടി മടക്കി ബേസില്‍ വീണ്ടും ആഞ്ഞടിച്ചു. അക്സര്‍ പട്ടേലിനെ(2)യും പിയൂഷ് ചൗളയെയും(4) സന്ദീപ് വാര്യരും വീഴ്ത്തിയതോടെ ഗുജറാത്തിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു.

രണ്ടാം ഇന്നിങ്സിൽ 171 റൺസിനു പുറത്തായ കേരളം, ഒന്നാം ഇന്നിങ്സ് ലീഡായ 23 റൺസ് കൂടി ചേർത്താണ് സന്ദർശകർക്കു മുന്നിൽ 195 റൺസ് വിജയലക്ഷ്യമുയർത്തിയത്. ഒന്നാം ഇന്നിങ്സിൽ പരുക്കുമായി തിരിച്ചുകയറിയ സഞ്ജു സാംസണിനെ വരെ പത്താമനായി കളത്തിലിറക്കിയാണ് കേരളം രണ്ടാം ഇന്നിങ്സിൽ 171 റൺസ് നേടിയത്. ക്വാർട്ടർ കടമ്പ കടക്കാൻ പാർഥിവ് പട്ടേലിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഗുജറാത്ത് നാലാം ഇന്നിങ്സിൽ നേടേണ്ടത് ഈ മൽസരത്തിലെ ഉയർന്ന സ്കോറാണ്. കേരളം ഒന്നാം ഇന്നിങ്സിൽ 185 റൺസും രണ്ടാം ഇന്നിങ്സിൽ 171 റൺസും േനടിയപ്പോൾ ഗുജറാത്ത് ഒന്നാം ഇന്നിങ്സിൽ 162 റൺസിനു പുറത്തായിരുന്നു.

പേസ് ബോളർമാരുടെ പറുദീസയായി മാറിയ കൃഷ്ണഗിരിയിലെ പിച്ചിൽ പൊരുതിനിന്ന് അർധസെഞ്ചുറി നേടിയ സിജോമോൻ ജോസഫാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 148 പന്തുകൾ നേരിട്ട സിജോമോൻ, എട്ടു ബൗണ്ടറി സഹിതം 56 റൺസെടുത്തു. ജലജ് സക്സേന (67 പന്തിൽ ഏഴു ബൗണ്ടറി സഹിതം പുറത്താകാതെ 44), ക്യാപ്റ്റൻ സച്ചിൻ ബേബി (43 പന്തിൽ 24), വിനൂപ് ഷീല മനോഹരൻ (27 പന്തിൽ 16), പി.രാഹുൽ (32 പന്തിൽ 10) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

ഗുജറാത്തിനായി റൂഷ് കലാരിയ, അക്സർ പട്ടേൽ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നഗ്വാസ്‌വല്ല രണ്ടും ചിന്തൻ ഗജ, പിയൂഷ് ചാവ്‌ല എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 96 റൺസിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കിയ കേരളത്തിന്, ആറാം വിക്കറ്റിൽ സിജോമോൻ ജോസഫ്–ജലജ് സക്സേന സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് (55) കരുത്തായത്. നാലു വിക്കറ്റിന് 149 റൺസ് എന്ന നിലയിൽനിന്ന കേരളത്തിന് വെറും 22 റൺസിനിടെയാണ് ശേഷിച്ച ആറു വിക്കറ്റുകൾ നഷ്ടമായത്.