കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ വിധിക്ക് താത്കാലിക സ്‌റ്റേ

single-img
17 January 2019

കൊടുവള്ളി എം.എല്‍.എ. കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ കാരാട്ട് റസാഖിന്റെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് 30 ദിവസത്തേക്ക് താത്ക്കാലിക സ്റ്റേ അനുവദിച്ചത്. ഇക്കാലയളവില്‍ കാരാട്ട് റസാഖിന് നിയമസഭ നടപടികളില്‍ പങ്കെടുക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. മണ്ഡലത്തിലെ വോട്ടറായ കെ.പി. മുഹമ്മദിന്റെ ഹര്‍ജിയിലാണ് വിധി. വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള വീഡിയോകള്‍ പ്രചാരണ സമയത്ത് മണ്ഡലത്തില്‍ ഉപയോഗിച്ചിരുന്നുവെന്നാണ് ആരോപണം.

എതിര്‍സ്ഥാനാര്‍ഥി സാമ്പത്തിക തട്ടിപ്പു നടത്തിയെന്നു പ്രചരിപ്പിച്ചു. മുസ്‌ലിം ലീഗ് നേതാവ് എം.എ. റസാഖ് ആയിരുന്നു കൊടുവള്ളിയിലെ എതിര്‍ സ്ഥാനാര്‍ഥി. വിജയി ആയി പ്രഖ്യാപിക്കണമെന്ന എം.എ. റസാഖിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

യുഡിഎഫ് സ്വാധീനമുള്ള മണ്ഡലമെന്ന് അറിയപ്പെട്ടിരുന്നിടത്തെ കാരാട്ട് റസാഖിന്റെ വിജയം വന്‍ ചര്‍ച്ചയായിരുന്നു. ഇടതു സ്വതന്ത്രനായിട്ടാണ് റസാഖ് മല്‍സരിച്ചത്. 583 വോട്ടുകള്‍ക്കാണ് കാരാട്ട് റസാഖ് ജയിച്ചത്. തിരഞ്ഞെടുപ്പില്‍ പി.ടി.എ. റഹീം എം.എല്‍.എയുടെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ പൂര്‍ണപിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനുശേഷവും എന്‍.എസ്.സിയുമായി അദ്ദേഹം സഹകരിച്ചിരുന്നു.

അതേസമയം, ഹൈക്കോടതി വിധിയെ സംബന്ധിച്ച് കൂടുതല്‍ പരിശോധിച്ചശേഷം വിശദമായി പ്രതികരിക്കാമെന്ന് കാരാട്ട് റസാഖ് പ്രതികരിച്ചു. ഹൈക്കോടതി വിധി പഠിച്ചശേഷം സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.