അരുണ്‍ ജയ്റ്റ്‌ലിക്ക് കാന്‍സര്‍; അടിയന്തര ചികിത്സയ്ക്ക് യുഎസില്‍; പീയുഷ് ഗോയല്‍ ബജറ്റ് അവതരിപ്പിച്ചേക്കും

single-img
17 January 2019

കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് സോഫ്റ്റ് ടിഷ്യു സാര്‍കോമ എന്ന ഇനം കാന്‍സര്‍ ബാധിച്ചതായി ടൈംസ് നൗ ടിവി. ശരീരാവയവങ്ങളെയും ശരീര ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന കോശ സംയുക്തങ്ങളാണ് സോഫ്റ്റ് ടിഷ്യു എന്നറിയപ്പെടുന്നത്. മസില്‍, കൊഴുപ്പ്, രക്തക്കുഴല്‍, സിരകള്‍, സ്‌നായുക്കള്‍ തുടങ്ങിയവയൊക്കെ ഈ ഇനത്തില്‍പ്പെടുന്നു. ഇവയിലുണ്ടാകുന്ന ട്യൂമറുകളാണ് സോഫ്റ്റ് ടിഷ്യു സര്‍കോമയാകുന്നത്.

ചികിത്സ കഴിഞ്ഞ് ജയ്റ്റ്‌ലി തിരിച്ചെത്താന്‍ വൈകിയാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്, റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ അവതരിപ്പിച്ചേക്കും. കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി ജയ്റ്റ്‌ലി 4 മാസത്തോളം വിശ്രമത്തിലായപ്പോള്‍ ധനമന്ത്രാലയത്തിന്റെ ചുമതല പിയുഷ് ഗോയലിനായിരുന്നു.

തിരഞ്ഞെടുപ്പു വര്‍ഷ ബജറ്റിനു തൊട്ടു മുന്‍പു ധനമന്ത്രി ചികിത്സയ്ക്കു പോയതു രോഗത്തിന്റെ ഗൗരവത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ക്കു വഴിവച്ചിട്ടുണ്ട്. ചികിത്സ ഏതാനും ആഴ്ച പോലും മാറ്റിവയ്ക്കാനാവില്ലെന്ന സൂചനയാണ് അതു നല്‍കുന്നത്.

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ തിരികെയെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ഇടക്കാല ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. മധ്യവര്‍ഗത്തെ ആകര്‍ഷിക്കാന്‍ ആദായനികുതിയിളവും കാര്‍ഷിക പ്രതിസന്ധി ലഘൂകരിക്കുന്നതിനുള്ള പദ്ധതികളും ഉണ്ടായേക്കുമെന്നു സൂചനയുണ്ട്.