National

ഡാന്‍സ് ബാറുകള്‍ വീണ്ടും തിരിച്ചെത്തുന്നു; നിയന്ത്രണങ്ങളോടെ സുപ്രീംകോടതി അനുമതി

ഡാന്‍സ് ബാറുകള്‍ നിയന്ത്രണങ്ങളോടെ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. 2016ലെ വിധിയില്‍ സുപ്രീംകോടതി ഭേദഗതി വരുത്തി. ജസ്റ്റീസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ്‍, എസ്.എ. നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

കര്‍ശന ഉപാധികളോടെയാണ് ബാറുകള്‍ നടത്താന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയായിരിക്കണം ബാറുകള്‍ സ്ഥിതി ചെയ്യാനെന്നും കോടതി ഉത്തരവിട്ടു.

ഡാന്‍സ് ബാറുകളുടെ സമയപരിധി വൈകിട്ട് ആറ് മുതല്‍ രാത്രി 11.30 വരെയാക്കി. നര്‍ത്തകിമാര്‍ക്ക് നേരെ നോട്ടുകളും നാണയങ്ങളും എറിയുന്നതും വിലക്കി. നര്‍ത്തകിമാര്‍ക്കുള്ള ശമ്പളം സര്‍ക്കാര്‍ നിശ്ചയിക്കണമെന്നും ബാറുടമകള്‍ ഇവര്‍ക്ക് കരാര്‍ പേപ്പര്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

മഹാരാഷ്ട്ര സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്നും കോടതി ഉത്തരവിട്ടു. ഡാന്‍സ് ബാറുകള്‍ നിരോധിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി 2016 ല്‍ റദ്ദാക്കിയിരുന്നു. സ്ത്രീകള്‍ തെരുവില്‍ ഭിക്ഷയെടുക്കുന്നതിനേക്കാല്‍ നല്ലത് നൃത്തം ചെയ്യുന്നതാണെന്നായിരുന്നു അന്ന് സുപ്രംകോടതി വ്യക്തമാക്കിയത്.