Kerala

‘റോക്കറ്റില്‍ ലോകം ചുറ്റുന്ന നിങ്ങള്‍ കിടക്കയില്‍ കിടക്കുന്ന വിജേഷിനെ പരിഗണിക്കാത്തത് എന്തുകൊണ്ട്’; വീഗാലാന്‍ഡില്‍ പരിക്കേറ്റയാള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതിന് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റയാള്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കാത്തതിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. റോക്കറ്റില്‍ ലോകം ചുറ്റുന്ന ചിറ്റിലപ്പിള്ളി കിടക്കയില്‍ കിടക്കുന്ന വിജേഷിനെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നുമാണ് ചിറ്റിലപ്പിള്ളി പറയുന്നത്. എന്നാല്‍ എത്ര വര്‍ഷമായി വിജേഷ് കിടപ്പിലാണെന്നും, അതെന്താണ് ചിറ്റിലപ്പള്ളി ഓര്‍ക്കാത്തതെന്നും കോടതി ചോദിച്ചു. ഇവരൊക്കെ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ഞെട്ടലുളവാക്കുകയാണ്.

ഇത്തരക്കാരെ തുറന്നു കാട്ടുന്ന സംഭവമാണ് ഹര്‍ജിയായി വന്നിരിക്കുന്നതെന്നും കോടതി പറഞ്ഞു. ചെറിയ സഹായങ്ങള്‍ നല്‍കി പ്രസിദ്ധീകരിക്കുന്നത് പ്രശസ്തിക്കു വേണ്ടിയാണോയെന്നും കോടതി ചോദിച്ചു. മാനവികത, മനുഷ്യത്വം എന്നിവ ഹൃദയത്തിലാണ് വേണ്ടത്.

മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ചിറ്റിലപ്പിള്ളി നേരിട്ട് ഹാജരാവേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. 2002 ഡിസംബര്‍ 22ന് വീഗാലാന്‍ഡില്‍ വീണ് പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.

വീഗാലാന്‍ഡിലെ ബക്കറ്റ് ഷവര്‍ എന്ന റൈഡില്‍ വച്ചാണ് വിജേഷിന് അപകടം സംഭവിക്കുന്നത്. ഇതിന്‌ശേഷം വിജേഷിന്റെ ശരീരം കഴുത്ത് മുതല്‍ താഴേക്ക് തളര്‍ന്നുപോയി. അപകടം സംഭവിച്ചപ്പോള്‍ വിജേഷിനെ സുഹൃത്തുക്കള്‍ വീഗാലാന്‍ഡിലെ ഫസ്റ്റ് എയിഡ് പോസ്റ്റില്‍ എത്തിച്ചിരുന്നു.

എന്നാല്‍ അവിടെ ആ സമയത്ത് ഒരു ഡോക്ടറോ നഴ്‌സ് പോലുമോ ഉണ്ടായിരുന്നില്ല. ഒരു സാധാരണ യൂണിഫോം ഇട്ടയാള്‍ പേടിക്കാനൊന്നുമില്ല, വെള്ളത്തില്‍ വീണതുകൊണ്ട് സംഭവിച്ചതാകും ഉടനെ ശരിയായിക്കോളുമെന്നും പറഞ്ഞതായി വിജേഷ് നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.