ആഴ്ചകള്‍ നീണ്ടുനിന്ന തെരച്ചിലിനൊടുവില്‍ ഖനിയില്‍ കുടുങ്ങിയ ഒരാളുടെ മൃതദേഹം കിട്ടി; 14 പേര്‍ക്കായി കാത്തിരിപ്പ്

single-img
17 January 2019

മേഘാലയയിലെ കിഴക്കന്‍ ജയ്ന്‍തിയ കുന്നിലെ കല്‍ക്കരി ഖനിയില്‍ അകപ്പെട്ട 15 പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആഴ്ചകള്‍ നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. 200 അടി താഴ്ചയില്‍ നിന്നാണ് നാവികസേന മൃതദേഹം കണ്ടെടുത്തത്.

മറ്റുള്ളവര്‍ക്കായി നാവികസേന തെരച്ചില്‍ തുടരുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ഖനിക്കുള്ളില്‍ വെള്ളം കയറിയത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇന്ത്യന്‍ നാവികസേനയും ദേശീയ ദുരന്ത പ്രതികരണ സേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ നാവികസേനയിലെ ഡൈവര്‍മാര്‍ ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ റിമോട്ട്‌ലി ഓപറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചു നടത്തിയ തിരച്ചിലിലാണ് ഖനിയുടെ ആഴമേറിയ ഭാഗത്തുനിന്ന് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

അപകടം നടന്ന് 12 ദിവസത്തിനു ശേഷമാണ് സംയുക്ത രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം, ശക്തിയേറിയ പമ്പുസെറ്റുകള്‍ ഉപയോഗിച്ച് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പമ്പ് ചെയ്തു കളഞ്ഞെങ്കിലും ഖനിക്കുള്ളിലെ ജലനിരപ്പ് ഇപ്പോഴും 350 അടിയായി തുടരുകയാണ്.