പുനഃപരിശോധനാഹർജികളിൽ സുപ്രീംകോടതിയുടെ തീർപ്പ് കാക്കാനില്ല; ശബരിമല നട അടയ്ക്കുമ്പോൾ ബിജെപിയുടെ നിരാഹാരസമരവും അവസാനിക്കും

single-img
17 January 2019

ശബരിമല യുവതി പ്രവേശന വിഷയത്തിൽ  സുപ്രീംകോടതി വിധി വന്നതിന് പിറകേ സെക്രട്ടേറിയറ്റ് പടിക്കൽ ബി.ജെ.പി. നടത്തുന്ന നിരാഹാരസത്യാഗ്രഹം ശബരിമലനട അടയ്ക്കുന്നതോടെ അവസാനിപ്പിക്കാൻ ആലോചന. പുനഃപരിശോധനാഹർജികളിൽ സുപ്രീംകോടതിയുടെ തീർപ്പ്‌ വരുന്നതുവരെ  നിരാഹാരം തുടരില്ല എന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.

എന്നാൽ ശബരിമലയിലെ ആചാരലംഘനത്തോടുള്ള പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്നും നേതാക്കൾ പറയുന്നു. ശബരിമല കർമസമിതി നടത്തുന്ന സമരപരിപാടുകളുമായി സഹകരിച്ചുപോകുവാനാണ് നിലവിലെ തീരുമാനം.

ഹർജികൾ സുപ്രീംകോടതി പരിഗണിക്കുമെന്ന്‌ പറഞ്ഞിരുന്ന ജനുവരി 22 വരെ സത്യാഗ്രഹം തുടരാനായിരുന്നു പാർട്ടിയുടെ ആദ്യതീരുമാനം. ഹർജി പരിഗണിക്കുന്ന തീയതി മാറ്റിയ സാഹചര്യത്തിലാണ് നടയടയ്ക്കുന്നതോടെ സെക്രട്ടേറിയറ്റ് പടിക്കലെ സമരം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

സുപ്രീംകോടതിവിധി അനുകൂലമായാൽ ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങൾ അവസാനിക്കുമെന്നും മറിച്ചാണ് വിധിയെങ്കിൽ എന്തുവേണമെന്ന് അപ്പോൾ തീരുമാനിക്കുമെന്നും നേതാക്കൾ പറഞ്ഞു.

ഈ തീർഥാടനകാലത്ത് ശബരിമലയിൽ ഭക്തർക്ക് ദർശനം നടത്താവുന്നത് 19-ന്‌ രാത്രിവരെയാണ്. പിറ്റേന്നുകാലത്താണ് മണ്ഡല-മകരവിളക്ക്‌ തീർഥാടനം കഴിഞ്ഞ് ക്ഷേത്രം അടയ്ക്കുന്നതെങ്കിലും അന്ന് ദർശനത്തിന്‌ ഭക്തരെ അനുവദിക്കില്ല.

കുംഭമാസപൂജയ്ക്കായി ഫെബ്രുവരി 12-ന് വൈകീട്ടാണ് പിന്നീട് നടതുറക്കുന്നത്.