കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ധനസഹായം ലഭിച്ചത് ബിജെപിക്ക്; കഴിഞ്ഞ വര്‍ഷം വാങ്ങിയത് 437 കോടി രൂപ

single-img
17 January 2019

കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ധനസഹായം ലഭിച്ചത് ബിജെപിക്കെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിവിധ കോര്‍പ്പറേറ്റ്, ബിസിനസ് മേഖലകളില്‍ നിന്നായി പാര്‍ട്ടിക്ക് ലഭിച്ചത് 437 കോടി രൂപയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഐ, സി.പി.ഐ.എം എന്നീ പാര്‍ട്ടികളെക്കാള്‍ പന്ത്രണ്ടിരട്ടിയാണ് ബിജെപിക്ക് കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവനയായി ലഭിച്ചിരിക്കുന്നത്.

കോര്‍പ്പറേറ്റുകളില്‍ നിന്നും ബിസിനസ് രംഗത്തുനിന്നുമായി 1207 സംഭാവനകളില്‍ നിന്നായി 400.23 കോടിയും 1759 വ്യക്തികളില്‍ നിന്ന് 36.71 കോടിയുമാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് ബിസിനസ്, കോര്‍പ്പറേറ്റ് സെക്ടറുകളില്‍ നിന്നുള്ള 53 സംഭാവനകളില്‍ നിന്നായി 19.298 കോടി രൂപയും 724 വ്യക്തികളില്‍ നിന്നായി 7.36 കോടി രൂപയും മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചത്.

അതേസമയം കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കിടയില്‍ ബിഎസ്പിക്ക് 20,000 ല്‍ കൂടുതല്‍ സംഭാവനകള്‍ ലഭിച്ചിട്ടില്ലായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്‍പാകെ സമര്‍പ്പിച്ച വിവരങ്ങളില്‍ നിന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.