സ്ത്രീകൾ കടക്കേണ്ട എന്നുപറയുന്ന ദൈവത്തെ നമുക്ക് ആവശ്യമില്ല; ശബരിമല അടച്ചു പൂട്ടി വന്യമൃഗങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്ന് സാഹിത്യകാരി അനിതാ നായര്‍

single-img
17 January 2019

ശബരിമല ക്ഷേത്രം അടച്ചു പൂട്ടി വന്യമൃഗങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്ന് പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരി അനിതാ നായര്‍. ശബരിമല ക്ഷേത്രത്തെ ചൊല്ലി തര്‍ക്കമുണ്ടാക്കുന്നതിന് പകരം വനമേഖലയിലെ ക്ഷേത്രം പൂട്ടി വന്യമൃഗങ്ങള്‍ക്ക് മാത്രമായി പ്രദേശം വിട്ടുനല്‍കണമെന്നാണ് അവർ പറഞ്ഞത്.

വോട്ട് ബാങ്ക് സുരക്ഷിതമാക്കാനാണ് ശബരിമലയിലെ സമരങ്ങളെന്നും അനിതാ നായര്‍ പാലക്കാട് പറഞ്ഞു. എല്ലായിടത്തും സ്ത്രീകള്‍ക്ക് തുല്യാവകാശമുണ്ട്. സ്ത്രീകള്‍ കടക്കേണ്ട എന്ന് പറയുന്ന ദൈവത്തെ നമുക്ക് ആവശ്യമില്ലെന്നും അനിതാ നായര്‍ പറഞ്ഞു.

പല സാഹിത്യകാരന്‍മാരും ശബരിമല പോലുള്ള വിഷയങ്ങളില്‍ മൗനം പാലിയ്ക്കുന്നത് വായനക്കാരെ നഷ്ടപ്പെടുമോയെന്ന ഭയം കാരണമാണെന്നും അനിതാ നായര്‍ പറഞ്ഞു.

ജന്മനാട്ടിലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കവേയായിരുന്നു ഇംഗീഷ് സാഹിത്യകാരിയുടെ അഭിപ്രായപ്രകടനം.

ഏഴാം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തത്തില്‍ നാട്ടിലെ പൂരത്തെക്കുറിച്ചെഴുതിയ ഓര്‍മ്മക്കുറിപ്പിനെക്കുറിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിയ്ക്കാനാണ് അനിതാ നായര്‍ പാലക്കാട് ചളവറ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെത്തിയതെങ്കിലും സമകാലിക വിഷയങ്ങളില്‍ ഉള്‍പ്പടെയുള്ള നിലപാട് വ്യക്തമാക്കുകയായിരുന്നു.