മലയാള സിനിമാചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ നൂറുകോടി തികച്ച ചിത്രമെന്ന റെക്കോഡും സ്വന്തമാക്കി ശ്രീകുമാര്‍ മേനോന്റെ ‘ഒടിയന്‍’ കുതിക്കുന്നു

single-img
16 January 2019

മോഹന്‍ലാല്‍ നായകനായ ഒടിയന്‍ കളക്ഷനില്‍ നൂറുകോടിയും പിന്നിട്ട് കുതിക്കുന്നു. ഏറ്റവും വേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന ചിത്രം എന്ന പദവി ഇനി ഒടിയന് സ്വന്തം എന്നാണ് അണിയറക്കാരുടെ അവകാശവാദം.

എല്ലാ പ്രധാന റിലീസ് കേന്ദ്രങ്ങളിലും പ്രദര്‍ശനം തുടരുന്ന ഒടിയന്‍ കേവലം 30 ദിവസങ്ങള്‍ കൊണ്ടാണ് 100 കോടി കളക്ഷന്‍ നേടിയത്. മലയാള സിനിമാ വ്യവസായത്തിന് സ്വപ്നം കാണാന്‍ കഴിയാത്ത നേട്ടമാണ് ഒടിയന്‍ കുറിച്ചത്.

റിലീസിന് മുന്‍പ് തന്നെ നൂറു കോടിയുടെ പ്രീ ബിസിനസ് ചിത്രത്തിന് ലഭിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. അതില്‍ 72 കോടി ടെലിവിഷന്‍ റൈറ്റ്, ബ്രാന്‍ഡിംഗ് റൈറ്റ്, തുടങ്ങിയ ഇനത്തില്‍ ലഭിച്ച ചിത്രം അതിന്റെ കൂടെ വേള്‍ഡ് വൈഡ് അഡ്വാന്‍സ് ബുക്കിങ് കൂടി കണക്കിലെടുത്താണ് 100 കോടി പ്രീ ബിസിനസ് നേടിയത് എന്നാണ് സംവിധായകന്‍ പറഞ്ഞത്.

അഡ്വാന്‍സ് ബുക്കിംഗ് തുകയോടൊപ്പം തിയേറ്റര്‍ കളക്ഷന്‍ കൂടി കൂട്ടുമ്പോള്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ മാത്രം 100 കോടി നേടി. മുഴുവനായി ചിത്രത്തിന്റെ ബിസിനസ് 170 കോടി കഴിഞ്ഞു. ഇതോടെ സൗത്ത് ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ പത്തു പണംവാരി ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ഒടിയന്‍.

ബാഹുബലി യന്തിരന്‍, 2. 0, മെര്‍സല്‍, കബാലി, സര്‍ക്കാര്‍, തുടങ്ങിയ ചിത്രങ്ങളുടെ പട്ടികയിലേക്കാണ് ഒടിയനും എത്തിയിരിക്കുന്നത്. പരസ്യ രംഗത്തെ പ്രമുഖനായ വി എ ശ്രീകുമാര്‍ മോനോന്‍ ആദ്യമായി സംവിധാനം ചെയ്ത ഒടിയന്‍ നിര്‍മ്മിച്ചത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.

ലോകമൊട്ടാകെ ഒടിയന്‍ ആദ്യദിനം നേടിയത് 32.14 കോടിയായിരുന്നു. മലയാള സിനിമയെ സംബന്ധിച്ചടത്തോളം സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത ബോക്സ്ഓഫീസ് റെക്കോര്‍ഡ് ആണ് ഒടിയന്‍ അന്ന് സ്വന്തമാക്കിയത്.

പുലിമുരുകന്‍ പോലെ മാസ് മാത്രം കൂട്ടിച്ചേര്‍ത്തു നിര്‍മിച്ചതല്ല ഒടിയന്‍. മറിച്ച് ക്ലാസ് എന്ന ഘടകത്തിലൂടെ മാസ് ഉരുത്തിരിഞ്ഞു വരുന്നതെങ്ങനെയെന്ന് ഒടിയന്‍ തെളിയിച്ചു തരും. ഒരു പാലക്കാടന്‍ ഗ്രാമത്തില്‍, നിലാവുള്ള രാത്രിയില്‍, കരിമ്പനക്കാറ്റേറ്റ്, ഒരു കഥ കേള്‍ക്കുന്ന സുഖത്തോടെ കാണാവുന്ന സിനിമയെന്ന് ഒറ്റ വരിയില്‍ ഒടിയനെ വിശേഷിപ്പിക്കാം.

മലയാളത്തിന്റെ വടക്കന്‍ മേഖലകളില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ക്കിടയില്‍ ഭ്രമണം ചെയ്ത ഒടിയന്‍ എന്ന സങ്കല്‍പത്തെ ഈ പുതിയ നൂറ്റാണ്ടില്‍ പുനരവതരിപ്പിക്കുമ്പോള്‍ അത് ഇനിയെന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന അനുഭവമാക്കി മാറ്റാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനു സാധിച്ചു. ഒടിയന്‍ ശരിക്കുമുണ്ടായിരുന്നോ ഇല്ലയോ എന്ന തര്‍ക്കങ്ങള്‍ക്കപ്പുറം, അതൊരനുഭവമായി ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ എന്നും അവശേഷിക്കും.

ഒടിയന്‍ മാണിക്യനായുള്ള പരകായ പ്രവേശം മോഹന്‍ലാല്‍ മനോഹരമാക്കി. കാലിന്റെ ചലനങ്ങളില്‍ പോലും അതു വ്യക്തം. കഥാപാത്രത്തിനുവേണ്ടി അത്രത്തോളം ത്യാഗവും സഹിച്ചിട്ടുണ്ട്. പ്രഭയായി മഞ്ജു വാരിയര്‍ തിളങ്ങി. ചുറുചുറുക്കുള്ള പഴയ മഞ്ജുവിനെ ഒടിയനില്‍ കാണാം. രാവുണ്ണിയായി പ്രകാശ് രാജും മികച്ചു നിന്നു. മമ്മൂട്ടിയുടെ ശബ്ദസാന്നിധ്യവും ശ്രദ്ധേയമായി.