മഞ്ജു വാര്യരെ പരിഹസിച്ച് ശ്രീകുമാര്‍ മേനോന്‍

single-img
16 January 2019

നിവിന്‍ പോളി ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന മഞ്ജു വാര്യരെ പരിഹസിച്ച് ‘ഒടിയന്‍’ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനാവുന്ന ‘മൂത്തോന്‍’ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് മഞ്ജു ട്വിറ്ററില്‍ ഇട്ട കുറിപ്പിന് താഴെയായിരുന്നു ശ്രീകുമാര്‍ മേനോന്റെ കമന്റ്.

‘പ്രിയപ്പെട്ട ഗീതു, രാജീവ്, നിവിന്‍ പിന്നെ മുഴുവന്‍ ടീമിനും എല്ലാ ആശംസകളും. സിനിമ കാണാന്‍ കാത്തിരിക്കുന്നു’ എന്നായിരുന്നു മഞ്ജു വാര്യരുടെ ട്വീറ്റ്.

‘ഈ മണിക്കൂറിലും സിനിമയെ പിന്തുണയ്ക്കുന്നു, വളരെ നല്ല കാര്യം’ ഇങ്ങനെയായിരുന്നു ശ്രീകുമാറിന്റെ ആദ്യ കമന്റ്. മഞ്ജുവിനിട്ട് കൊടുത്ത ‘കൊട്ടിന്’ ഒരുപാട് പേർ ശ്രീകുമാറിനെ അവിടെ തന്നെ വിമർശിക്കുകയും ചെയ്തു. 

അതിനു പിന്നാലെ മയപ്പെടുത്തിയ നിലപാടുമായി അദ്ദേഹം വീണ്ടും എത്തി. ‘ഇത്തരത്തിലുള്ള പിന്തുണയാണ് നിങ്ങളെ പോലെയുള്ള സൂപ്പര്‍സ്റ്റാറുകളില്‍ നിന്നും സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും ആവശ്യം. നന്നായിട്ടുണ്ട്’ ശ്രീകുമാർ മേനോൻ കുറിച്ചു. മഞ്ജുവിനെ സംവിധായകൻ ട്രോളിയതാണെന്നും ഒടിയനു വേണ്ടി മഞ്ജു ചെയ്ത പ്രവർത്തികൾ മറക്കരുതെന്നും പറഞ്ഞ് ആരാധകരും രംഗത്ത് എത്തി. എന്നാൽ പിന്നീട് ശ്രീകുമാർ മേനോന്റെ ഭാഗത്തു നിന്ന് കൂടുതൽ പ്രകോപനങ്ങളുണ്ടായില്ല. 

നേരത്തെ ഒടിയനെതിരെയുള്ള സൈബര്‍ ആക്രമങ്ങൾക്കെതിരെ മഞ്ജു പ്രതികരിക്കാതെ വന്നപ്പോള്‍ നടിക്കെതിരെ വലിയ ആരോപണങ്ങളായിരുന്നു സംവിധായകൻ ഉന്നയിച്ചത്. ആപത്ത് ഘട്ടങ്ങളില്‍ മഞ്ജു കൈവിട്ട് കളയുന്നു എന്നായിരുന്നു പ്രധാന ആരോപണം. മഞ്ജു വാര്യര്‍ മൗനം വെടിയണമെന്ന് ശ്രീകുമാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മഞ്ജു അന്നൊന്നും പരസ്യമായ പ്രതികരണത്തിന് മുതിർന്നിരുന്നില്ല.