കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങിനിടെ പിണറായിയുടെ പ്രസംഗത്തിന് കൂവിയത് അംഗീകരിക്കാനാവില്ല: ശ്രീധരൻപിള്ള

single-img
16 January 2019

കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങിനിടെ പിണറായിയുടെ പ്രസംഗത്തിന് കൂവിയത് അംഗീകരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. ഇത് സംബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ആണ് ശ്രീധരൻ പിള്ള പ്രസംഗത്തിനിടെ കൂവിയതിനെതിരെ രംഗത്തെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം പങ്കെടുത്ത കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാനത്തെിയപ്പോഴായിരുന്നു സദസിൽ നിന്നും സംഘപരിവാർ പ്രവർത്തകർ കൂകി വിളിയും ബഹളവും ഉണ്ടാക്കിയത്. മുഖ്യമന്ത്രി ഇതിലുള്ള അതൃപ്തി പ്രകടമാക്കി അപ്പോൾ തന്നെ ബഹളമുണ്ടാക്കിയവർക്ക് താക്കീത് ചെയ്തിരുന്നു.

പിന്നീട് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വെച്ച് കണ്ടു മുട്ടിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഈ വിഷയത്തിലുള്ള അതൃപ്തി ശ്രീധരൻ പിള്ളയെ നേരിട്ട് അറിയിച്ചു. ഇത് സംസ്ഥാന ബിജെപി ഘടകത്തിന് ദേശീയ തലത്തിൽ തന്നെ വൻ നാണക്കേടാണ് ഉണ്ടാക്കിയത്. ഇതുകൊണ്ടാണ് സ്വന്തം പ്രവർത്തകരെ തള്ളി ശ്രീധരൻ പിള്ള തന്നെ രംഗത്തെത്തിയത്.