മടങ്ങാൻ കൂട്ടാക്കാതിരുന്ന യുവതികളെ പൊലീസ് പമ്പയിലേക്ക് തിരിച്ചുകൊണ്ടുപോയത് ബലം പ്രയോഗിച്ച്

single-img
16 January 2019

കടുത്ത പ്രതിഷേധത്തെ തുടർന്ന് പോലീസ് യുവതികളെ പമ്പയിലേക്ക് മാറ്റി.  ദർശനം നടത്തിയ ശേഷം മാത്രമേ തിരിച്ചുപോവുകയുള്ളു എന്ന് വ്യക്തമാക്കിയ യുവതികളെ ബലം പ്രയോഗിച്ചാണ് പൊലീസ് നീക്കിയത്. നീലിമലയിൽനിന്നും പൊലീസ്  വാഹനത്തിലാണ് യുവതികളെ പമ്പയിലേക്ക് കൊണ്ടുപോയത്.

രേഷ്മാ നിഷാന്ത്, സിന്ധു എന്നിവരാണ് ദര്‍ശനത്തിനെത്തിയത്. പ്രതിഷേധവുമായി ഒരുകൂട്ടം ആളുകളാണ് യുവതികളെ തടഞ്ഞത്. യുവതികൾക്ക് സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെയാണ് ഇരുവരും ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയത്. തുടര്‍ന്ന് മല ചവിട്ടി മുന്നോട്ട് പോയ യുവതികളെ പ്രതിഷേധക്കാര്‍ തടയുകായിരുന്നു. പിന്‍മാറാന്‍ തയ്യാറല്ലെന്ന് ഇവര്‍ പൊലീസിനെ നിലപാട് അറിയിച്ചു. എന്നാല്‍ മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ശരണമന്ത്രം വിളികളുമായി പ്രതിഷേധക്കാര്‍ ഇവരെ മുന്നോട്ട് പോകാന്‍ അനുവദിക്കാതെ വളഞ്ഞു. തുടര്‍ന്ന അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്രതം എടുത്താണ് ദര്‍ശനത്തിനായി എത്തിയതെന്ന് ഇവര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നേരത്തെ രേഷ്മാ നിഷാന്ത് ശബരിമല ദര്‍ശനത്തിനായി എത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു