താൻകൂടി പങ്കെടുത്ത ചടങ്ങ് അലങ്കോലമാക്കാൻ ശ്രമം; ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ ബിജെപി പ്രവർത്തകർ ബഹളം വച്ചതിന് പി എസ് ശ്രീധരൻപിള്ളയ്ക്കു മോദിയുടെ ശാസന

single-img
16 January 2019

ആശ്രാമം മൈതാനത്ത്​ നടന്ന കൊല്ലം ബൈപ്പാസ്​ ഉദ്​ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ സദസ്സിൽ നിന്ന് കൂവുകയും ശരണം വിളിക്കുകയും ചെയ്​തതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരൻപിള്ളയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശാസന.  ബൈപ്പാസ് ഉദ്ഘാടനം കഴിഞ്ഞു തിരുവനന്തപുരത്ത് പത്മനാഭസ്വാമിക്ഷേത്രത്തിൽ എത്തിയപ്പോഴാണ് പ്രധാനമന്ത്രി ശ്രീധരൻപിള്ളയെ ശാസിച്ചത്.

ബൈപ്പാസ് ഉദ്ഘാടനവേളയിൽ ബഹളംവച്ചവർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയ​​​ൻ രോഷം പ്രകടിപ്പിച്ചിരുന്നു. ബഹളം വെച്ചവർക്ക്​ താക്കീത്​ നൽകിക്കൊണ്ട്​ അദ്ദേഹം പ്രസംഗം തുടരുകയായിരുന്നു.  മുഖ്യമന്ത്രിയുടെ രോഷപ്രകടനത്തിനുശേഷം ബിജെപി പ്രവർത്തകർ ബഹളം വച്ചിരുന്നില്ല.

കൊല്ലത്തെ ചടങ്ങു കഴിഞ്ഞ് തിരുവനന്തപുരത്ത് പത്മനാഭസ്വാമിക്ഷേത്രത്തിൽ എത്തിയപ്പോഴാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ ബഹളം വച്ചതിനെതിരെ നരേന്ദ്രമോദി ശ്രീധരൻപിള്ളയോട് ആരാഞ്ഞത്. രാജ്യസഭാ എംപിമാരായ വി മുരളീധരനും സുരേഷ്ഗോപിയും ഈ സമയം പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.  എന്നാൽ ബഹളം വച്ചത് പ്രവർത്തകരല്ല എന്നും മറ്റാരോ ആണെന്നും ആയിരുന്നു ശ്രീധരൻപിള്ളയുടെ വാദം.

താൻ കൂടി പങ്കെടുക്കുന്ന ചടങ്ങിൽ ഇത്തരമൊരു പ്രവർത്തി ഉണ്ടായതിനെതിരെ വളരെ രൂക്ഷമായാണ് പ്രധാനമന്ത്രി പ്രതികരിച്ചത് എന്നാണ് വിവരം.  ബഹളംവച്ചത് ബിജെപി പ്രവർത്തകൻ അല്ല എന്ന് പറഞ്ഞാണ് ശ്രീധരൻപിള്ള തടിയൂരിയത്. ശബരിമലയിൽ യുവതി പ്രവേശനം സാധ്യമാക്കിയ സംസ്ഥാന സർക്കാരിനോടുള്ള വിശ്വാസികളുടെ പ്രതികരണം എന്നായിരുന്നു പിഎസ് ശ്രീധരൻപിള്ള പറഞ്ഞത്.

കൊല്ലം ബൈപ്പാസിന് ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാനായി എഴുന്നേറ്റപ്പോൾ ആയിരുന്നു ബിജെപി പ്രവർത്തകർ ബഹളം വച്ചത്.  ശബ്ദശല്യം രൂക്ഷമായപ്പോൾ `വെ​റു​തേ ശ​ബ്​​ദം ഉ​ണ്ടാ​ക്കാ​നാ​യി കു​റേ ആ​ളു​ക​ളു​ണ്ടെ​ന്ന് തോ​ന്നു​ന്നു. ശ​ബ്​​ദ​മു​ണ്ടാ​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ഒ​രു യോ​ഗ​ത്തി​ന് അ​തി​ൻ്റേ​താ​യ അ​ച്ച​ട​ക്കം പാ​ലി​ക്ക​ണം. എ​ന്തും കാ​ണി​ക്കാ​നു​ള്ള വേ​ദി​യാ​ണ് ഈ ​യോ​ഗ​മെ​ന്ന് ക​രു​ത​രു​ത്’ എന്ന് പിണറായി മുന്നറിയിപ്പ് നൽകുകയായിരുന്നു.  തുടർന്ന് ബഹളം ശമിച്ചിരുന്നു.