മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സൂപ്പര്‍ താരങ്ങള്‍ തന്നെ ഗോദയിലേക്ക്?

single-img
16 January 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ സൂപ്പര്‍ താരങ്ങള്‍ മത്സരത്തിനിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലും, സുരേഷ് ഗോപിയും ബിജെപി ലേബലിലും മമ്മൂട്ടി സിപിഎം പിന്തുണയോടെയും മത്സരത്തിനെത്തുമെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൈരളി ചാനല്‍ ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടിക്കു സിപിഎം കേന്ദ്രങ്ങളുമായുള്ള ബന്ധമാണ് അദ്ദേഹം സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹം ബലപ്പെടുത്തുന്നത്. എറണാകുളത്തു പറ്റിയ ആള്‍ക്കു വേണ്ടിയുള്ള അന്വേഷണം എങ്ങുമെത്താത്തതും മമ്മൂട്ടിയുടെ സ്ഥാനാര്‍ത്ഥിത്വ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

തിരുവനന്തപുരത്ത് നടന്‍ മോഹന്‍ലാലിനെ ബിജെപി രംഗത്തിറക്കുമെന്ന അഭ്യൂഹം കുറെ നാളായുണ്ട്. നേരത്തേ പ്രധാനമന്ത്രിയെ ഡല്‍ഹിയിലെത്തി കണ്ടതോടെയാണു മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹം പരന്നത്. എന്നാല്‍ ലാലോ ബിജെപി കേന്ദ്രങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയില്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ സന്നദ്ധനല്ലെന്ന സൂചനയാണ് അദ്ദേഹം അടുപ്പമുള്ള കേന്ദ്രങ്ങള്‍ക്കു നല്‍കുന്നത്. ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം. കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാന്‍ നീക്കം നടത്തുന്നുണ്ടെങ്കിലും അത് വിജയിക്കില്ലെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

ഇതോടെ തിരുവനന്തപുരത്ത് സുരേഷ് ഗോപിയുടെയും പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. രാജ്യസഭാംഗമായ താന്‍ ലോക്‌സഭയിലേക്കു മത്സരിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു കേന്ദ്ര നേതൃത്വമാണെന്നും ഇതുവരെ അങ്ങനെ നിര്‍ദേശം വന്നിട്ടില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി പ്രസിഡന്റ് അമിത് ഷാ, ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരാണു തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചു തീരുമാനിക്കേണ്ടത്. അവര്‍ ആവശ്യപ്പെട്ടാല്‍ അപ്പോള്‍ ആലോചിക്കും. ബാക്കിയെല്ലാം വെറും പ്രചാരണം സുരേഷ് ഗോപി വ്യക്തമാക്കി.

എന്തായാലും മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ വമ്പന്മാരുടെ പേരുകള്‍ ഒരേ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്നത് ഇതാദ്യമായാണ്.