Latest News

കോട്ടും സൂട്ടും ബൂട്ടുമിട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍; ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോദിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആചാരം ലംഘിച്ചതായി ആരോപണം

സ്വദേശി ദര്‍ശന്‍ പദ്ധതി പ്രകാരമുള്ള നവീകരണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം ഉദ്ഘാടനം ചെയ്യാന്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ആചാരം ലംഘിച്ചതായി ആരോപണം.

കോട്ടും സൂട്ടും ബൂട്ടുമിട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചത്. മുണ്ടുടുത്തു മാത്രമേ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാവൂ എന്നാണ് ആചാരം. എന്നാല്‍ മോദിക്കൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് എന്തേ ഇത് ബാധകമല്ലേ എന്നാണ് വിശ്വാസികള്‍ ചോദിക്കുന്നത്.

കൊല്ലം ബൈപാസ് ഉദ്ഘാടനശേഷം ഏഴരയോടെയാണ് പ്രധാനമന്ത്രി പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്. വന്‍സുരക്ഷാ സന്നാഹത്തോടെ കിഴക്കേനടയിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

ചടങ്ങിനു വേണ്ടി തയാറാക്കിയ പ്രത്യേക വേദിയില്‍ സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ശിലാഫലകം അനാവരണം ചെയ്തു പ്രധാനമന്ത്രി നിര്‍വഹിച്ചു.

തുടര്‍ന്നു തന്ത്രിമഠത്തിലെത്തിയ പ്രധാനമന്ത്രി വസ്ത്രം മാറി മുണ്ടും മേല്‍മുണ്ടും ധരിച്ച് കിഴക്കേനട വഴി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂണിഫോം മാറാതെ മോദിയെ അനുഗമിക്കുകയായിരുന്നു.

കിഴക്കേ നടവഴി പ്രവേശിച്ച് ഗരുഡനേയും ഹനുമാന്‍ സ്വാമിയേയും തൊഴുതശേഷം നരസിംഹമൂര്‍ത്തിക്ക് മുന്നിലെ ആട്ടവിളക്ക് പ്രധാമന്ത്രി നെയ്യ് ഒഴിച്ച് കത്തിച്ചു. നെയ്യും തുളസിമാലയും സമര്‍പ്പിച്ച് ദക്ഷിണ നല്‍കി പ്രസാദം വാങ്ങി. ഒറ്റക്കല്‍ മണ്ഡപത്തില്‍ നിന്നാണ് ശ്രീപദ്മനാഭ ദര്‍ശനം നടത്തിയത്.

പെരിയനമ്പി ഇടപാടി രാധാകൃഷ്ണ രവിപ്രസാദ് മോദിക്കായി പൂജ ചെയ്തു. നെയ്യ്, തുളസിമാല, മൂന്ന് താമരകള്‍ സമര്‍പ്പിച്ച മോദി തുളസിമാല പദ്മനാഭ പാദത്തില്‍ അണിയിച്ചു. തിരുവമ്പാടി കൃഷ്ണനെ തൊഴുത്, പ്രസാദം വാങ്ങിയ ശേഷം, അഗ്രശാലഗണപതിയെ തൊഴുത്, നാളികേരമുടച്ചു. 20മിനിട്ട് മോദി ക്ഷേത്രത്തിനുള്ളില്‍ ചെലവിട്ടു.

മോദി ക്ഷേത്രത്തില്‍ നിന്നും പോയതോടെ ചില ഭക്തര്‍ ആചാര ലംഘനം ചൂണ്ടിക്കാട്ടി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ആചാരലംഘനമല്ലെന്നും തൊഴാന്‍ മാത്രമെ മുണ്ടുടുക്കേണ്ടതുള്ളൂവെന്നും ഒരുകൂട്ടര്‍ വാദിച്ചു. കൊടിമരം വരെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് യൂണിഫോമില്‍ പ്രവേശിക്കാമെന്നും കേരള പോലീസ് സ്ഥിരം ഇത്തരത്തില്‍ യൂണിഫോമില്‍ പ്രവേശിക്കുന്നുണ്ടെന്നും ക്ഷേത്രത്തിലെ ചില ഭാരവാഹികള്‍ പറഞ്ഞു.

അതേസമയം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈതൃക പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ ജനപ്രതിനിധികളുടെ പ്രതിഷേധവുമുണ്ടായി. സ്ഥലം എംപി, എംഎല്‍എ, മേയര്‍ എന്നിവര്‍ക്കു പരിപാടിയില്‍ ഇടം നല്‍കാതിരുന്നതാണു പ്രതിഷേധത്തിലേക്കു നയിച്ചത്. ശശി തരൂര്‍ എംപി, വി.എസ്. ശിവകുമാര്‍ എംഎല്‍എ, തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് എന്നിവര്‍ ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോയി. ബിജെപിയുടെ ജില്ലാ നേതാക്കളെയടക്കം പരിപാടിയില്‍ പങ്കെടുപ്പിച്ചപ്പോള്്# സ്ഥലത്തെ ജനപ്രതിനിധികളെ തഴയുകയായിരുന്നു.