Latest News

കൊല്ലം ബെെപ്പാസ് ഉത്ഘാടനത്തിൽ മോദി ‘കിടിലന്‍’ ഇംഗ്ലീഷ് പ്രസംഗം നടത്തിയത് ടെലിപ്രോംറ്ററിൻ്റെ സഹായത്തോടെ

കൊല്ലം ബെെപ്പാസ് ഉദ്ഘാടന വേളയിലുള്ള കൊട്ടിഘോഷിക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ `കിടില´ ഇംഗ്ലീഷ് പ്രസംഗം ടെലിപ്രോംറ്ററിൻ്റെ സഹായത്തോടെ. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കേരള മന്ത്രിമാരുടെ മലയാള പ്രസംഗങ്ങളെ മോദിയുടെ ഇംഗ്ലീഷ് പ്രസംഗത്തോട് ഉപമിച്ച് ബിജെപി- സംഘപരിവാർ പ്രവർത്തകർ രംഗത്തു വന്നിരുന്നു. സംസ്ഥാന മന്ത്രിമാർ മലയാളത്തിൽ പ്രസംഗിച്ചപ്പോൾ ഇംഗ്ലീഷിൽ പ്രസംഗിച്ച മോദിയുടെ പ്രവർത്തിയെ ശ്ശാഘിച്ചാണ് പ്രവർത്തകർ രംഗത്തെത്തിയത്.

എന്നാൽ മോദിയുടെ പ്രസംഗം വേദിയുടെ മുന്നിലായി സ്ഥാപിച്ചിരുന്ന  ടെലിപ്രോംറ്ററിൻ്റെ സഹായത്തോടൊയിരുന്നു എന്നുള്ളതാണ് വാസ്തവം. മുമ്പ് അമേരിക്കയില്‍ മോദി സന്ദർശനം നടത്തിയപ്പോഴും ഇംഗ്ലീഷിൽ പ്രസംഗിക്കാൻ ടെലിപ്രോംറ്റർ ഉപയോഗിച്ചത് വാർത്താ പ്രാധാന്യം നേടിയിരുന്നു. എഴുതി തയ്യാറാക്കിയ കടലാസില്‍ ഒന്ന് നോക്കുകപോലും ചെയ്യാതെ മോദിയ്ക്ക് ഇംഗ്ലീഷില്‍ ഇത്ര നന്നായി പ്രസംഗിക്കാന്‍ കഴിയുമോ എന്ന് അന്ന് പലരും സംശയം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ടെലിപ്രോംറ്റർ വിഷയം ഉയർന്നുവന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇംഗ്ലീഷിനെ പരിഹസിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മുമ്പ് രംഗത്തെത്തിയിരുന്നു. മോദിക്ക് ഒരു വരി ഇംഗ്ലീഷ് പോലും സംസാരിക്കാനുളള പ്രാപ്തിയില്ലെന്നും മോദി നിരവധി പ്രസംഗങ്ങള്‍ നടത്താറുണ്ടെന്നും എന്നാല്‍ ശരിയായി ഇംഗ്ലീഷ് സംസാരിക്കാന്‍ മോദിക്ക് അറിയില്ലെന്നും അന്ന് മമത പറഞ്ഞിരുന്നു.

മോദിയുടെ കൊല്ലം ബെെപ്പാസ് പ്രസംഗത്തിലെ ടെലിപ്രോപ്റ്റർ ഉപയോഗത്തെ സംബന്ധിച്ച് സജിൽ മൂടില്ലാവിളയുടെ ഫേസ്ബുക്ക് പോസ്റ്റ്:

” ‘കിടിലന്‍’ ഇംഗ്ലീഷ് പ്രസംഗത്തിന്‍റെ സ്ക്രീന്‍ഷോട്ടാണിത്. ആ ചുവന്ന വട്ടത്തില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്ന ഉപകരണത്തിന്‍റെ പേരാണ് ഗ്ലാസ് ടെലിപ്രോംപ്റ്റര്‍. മോഡിയുടെ എല്ലാ ഇംഗ്ലീഷ് പ്രസംഗങ്ങളും ഇത്തരം ടെലിപ്രോംപ്റ്ററുകളുടെ സഹായത്തോടെയാണ്.

ടെലിപ്രോംപ്റ്ററുകള്‍ പല തരത്തിലുണ്ട്. സദസില്‍ ഇരിക്കുന്നവരുടെ ദൃഷ്ടിയില്‍ പെട്ടെന്ന് പതിയാത്ത തരത്തിലുള്ള ഗ്ലാസ് ടെലിപ്രോംപ്റ്ററുകളാണ് മോഡി ഉള്‍പ്പെടെ പല രാഷ്ട്രീയ നേതാക്കളും ഉപയോഗിക്കുന്നത്. പോഡിയത്തിന്‍റെ ചുവട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ലോര്‍ മോണിറ്ററില്‍ തെളിയുന്ന ഇലക്ട്രോണിക് വിഷ്വല്‍ ടെക്സ്റ്റ് പ്രാസംഗികന്‍റെ ഇരു വശങ്ങളിലുമായി സ്ഥാപിച്ചിരിക്കുന്ന സുതാര്യമായ ഗ്ലാസ് സ്ക്രീനില്‍ പ്രതിബിംബിക്കുന്ന രീതിയിലാണ് ഇതിന്‍റെ സംവിധാനം. തന്‍റെ തലയുടെ ഇരു ഭാഗങ്ങളിലുമായി സ്ഥാപിച്ചിരിക്കുന്ന സ്ക്രീനിലേക്ക് മാറിമാറി നോക്കിയാണ് പ്രാസംഗികന്‍ അതില്‍ തെളിയുന്ന പ്രസംഗത്തിന്‍റെ ടെക്സ്റ്റ് വായിക്കുക. സദസില്‍ ഇരിക്കുന്നവര്‍ക്ക് സ്ക്രീനില്‍ തെളിയുന്ന ടെക്സ്റ്റ് കാണുകയില്ലെന്ന് മാത്രമല്ല അങ്ങോട്ടുമിങ്ങോട്ടും തല തിരിക്കുന്ന പ്രാസംഗികന്‍ തങ്ങളെ നോക്കുകയാണെന്നേ തോന്നുകയുമുള്ളൂ.

പ്രസംഗങ്ങളില്‍ ഇത്തരം ടെലിപ്രോംപ്റ്ററുകളുടെ സാധ്യത വലിയ രീതിയില്‍ ഉപയോഗിച്ച് വിജയിച്ച രാഷ്ട്രീയക്കാരനാണ് മോഡി. ഹിന്ദി പ്രസംഗങ്ങള്‍ക്ക് മോഡി ഇത്തരം ടെലിപ്രോംപ്റ്ററുകള്‍ എപ്പോളും ഉപയോഗിക്കാറില്ല. ഇംഗ്ലീഷ് ഭാഷയില്‍ മികച്ച ആശയവിനിമയ ശേഷി ഇല്ലാത്തതിനാല്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കേണ്ടി വരുമ്പോള്‍ അദ്ദേഹം ഇത് എപ്പോളും പ്രയോജനപ്പെടുത്തുന്നു. മോഡിയുടെ ഇംഗ്ലീഷ് പ്രസംഗങ്ങളെല്ലാം അക്ഷരാര്‍ത്ഥത്തില്‍ നോക്കിവായനയാണ്. ‘കണ്ടില്ലേ മോഡിജി ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷില്‍ തകര്‍പ്പന്‍ പ്രസംഗം നടത്തുന്നത്’ എന്നു പറഞ്ഞ് സംഘികള്‍ തള്ളിമറിക്കുകയും ചെയ്യും. ടെലിപ്രോംപ്റ്ററുകളെ വലിയ വിശ്വാസമുള്ള മോഡിയെ അവ ചതിച്ചിട്ടുമുണ്ട്. നാലു വര്‍ഷം മുന്‍പ് ശ്രീലങ്കന്‍ പ്രസിഡന്‍റായിരുന്ന മൈത്രിപാല സിരിസേനയും അദ്ദേഹത്തിന്‍റെ ഭാര്യയും ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അവരെ സ്വാഗതം ചെയ്തു പ്രസംഗിച്ച മോഡി മൈത്രിപാല സിരിസേനയുടെ ഭാര്യയെ ‘എം.ആര്‍.എസ് സിരിസേന’ (M.R.S Sirisena) എന്നാണ് അഭിസംബോധന ചെയ്തത്. ഒരാളുടെ ഭാര്യയെ അഭിസംബോധന ചെയ്യുമ്പോള്‍ പേര് അറിയില്ലെങ്കില്‍ (അറിയുമെങ്കിലും) ഭര്‍ത്താവിന്‍റെ പേരിനു മുന്‍പാകെ മിസിസ് (Mrs) എന്നു ചേര്‍ത്ത് അഭിസംബോധന ചെയ്യാവുന്നതാണ്. ‘Mrs’ എന്നത് മിസിസ് എന്ന് വായിക്കേണ്ടതിനു പകരം സ്ക്രീനില്‍ തെളിഞ്ഞതു പോലെ എം.ആര്‍.എസ് എന്നു തന്നെ വായിച്ചതാണ് മോഡിക്ക് അന്ന് പറ്റിയ ഭീകരമായ പിഴവ്.

NB: ഇംഗ്ലീഷില്‍ മികച്ച രീതിയില്‍ പ്രസംഗിക്കാന്‍ കഴിവില്ലാത്തത് ഒരു മോശം കാര്യമല്ല. അത് വിമര്‍ശിക്കപ്പെടേണ്ടതുമല്ല. പക്ഷേ, പി.ആര്‍ ഏജന്‍സികളുടെ സഹായത്തോടെ പ്രതിച്ഛായ നിര്‍മ്മാണം നടത്തുന്ന ഒരാളെ കുറിച്ച് അയാളുടെ അണികള്‍ തന്നെ അയാള്‍ക്ക് ഇല്ലാത്ത കഴിവുകളെ പുകഴ്ത്തുകയും എതിര്‍ രാഷ്ട്രീയ ചേരിയില്‍ നില്‍ക്കുന്നവരുടെ വിദ്യാഭ്യാസക്കുറവിനെയും ജാതിയെയുമെല്ലാം അധിക്ഷേപിക്കുകയും ചെയ്യുമ്പോള്‍ ഇത്തരം തുറന്നുകാട്ടലുകള്‍ ന്യായീകരിക്കപ്പെടേണ്ടതാണ്. “