ചര്‍ച്ച പരാജയം; നാളെമുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടില്ല

single-img
16 January 2019

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. കെഎസ്ആര്‍ടിസി സംയുക്തസമരസമിതി പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എംഡി ടോമിന്‍ തച്ചങ്കരി വിളിച്ച ചര്‍ച്ച പരാജയപ്പെട്ടു.

സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്നു കെഎസ്ആര്‍ടിസി ജീവനക്കാര്‍ അറിയിച്ചു. തൊഴില്‍ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടക്കുന്നതെന്നും യൂണിയനുകള്‍ കുറ്റപ്പെടുത്തി. അതേസമയം സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ഡ്രൈവേഴ്സ് യൂണിയന്‍ എന്നിവയാണു സംയുക്ത സമിതിയിലുള്ളത്. സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരം, ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ നടപടികളിലൂടെയുണ്ടായ യാത്രാക്ലേശം പരിഹരിക്കുക, തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണു സമിതി മുന്നോട്ടുവച്ചിട്ടുള്ളത്.

അതേസമയം പണിമുടക്കിനെതിരേ ഹൈക്കോടതി. സമരം നിയമപരമല്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നേരത്തെ നോട്ടീസ് നല്‍്കിയെന്നത് സമരം ചെയ്യാനുള്ള അനുമതിയല്ല. പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുകയല്ലേ വേണ്ടതെന്നും നിയമപരമായ പരിഹാരമുള്ളപ്പോള്‍ എന്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടണമെന്നും കോടതി ചോദിച്ചു.