തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണെന്ന കാര്യം മറന്നുപോയി: കോടിയേരി ബാലകൃഷ്‌ണൻ

single-img
16 January 2019

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. എ. പത്മകുമാറിന് കമ്മ്യൂണിസ്റ്റ് കാഴ്‌ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ വീഴ്‌ച പറ്റിയെന്നും, പത്മകുമാർ ഒരു കമ്മ്യൂണിണിസ്റ്റ് മാത്രവുമല്ല, പാർട്ടിയുടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണെന്നും കോടിയേരി ഓർമ്മിപ്പിച്ചു. വീഴ്‌ച സംഭവിച്ചപ്പോൾ തന്നെ പാർട്ടി ഇടപെട്ട് പത്മകുമാറിനെ തിരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

മലയരയ സമുദായം തേനഭിഷേകം നടത്തിയിരുന്നു എന്ന് പറയപ്പെടുന്നു എന്നും, എന്നാൽ ഇതു സംബന്ധിച്ച തെളിവുകൾ ദേവസ്വം ബോർഡിന്റെ പക്കലില്ല എന്നും പത്മകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ആണ് കോടിയേരി രൂക്ഷ ഭാഷയിൽ വിമർശനം നടത്തിയത്.

കൂടാതെ യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി വന്നതിനു ശേഷം ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയെന്നും, ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്റെ നിലപാടിൽ മാറ്റമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുവതികളെ പ്രവേശിപ്പിക്കണമെന്നു ബോർഡ് എവിടെയും പറഞ്ഞിട്ടില്ല. ആചാരാനുഷ്ഠാനങ്ങൾക്ക് ഒപ്പമാണ് ബോർഡെന്നും പത്മകുമാർ പറഞ്ഞിരുന്നു.