കർണാടകയിൽ കോൺഗ്രസ്- ജെഡിഎസ് സർക്കാർ പ്രതിസന്ധിയിൽ: ഒരു കോൺഗ്രസ് എംഎൽഎ കൂടി ബിജെപി ക്യാമ്പിലെത്തി

single-img
16 January 2019

കര്‍ണാടകയില്‍ ഒരു കോൺഗ്രസ് എംഎല്‍എ കൂടി ബിജെപി ക്യാമ്പിലെത്തി. മന്ത്രിപദവി അടക്കമുള്ള വാ​ഗ്ദാനങ്ങൾ നൽകിയാണ് പ്രതാപ​ഗൗഡ പാട്ടീലിനെ വലയിലാക്കിയതെന്നാണ് സൂചന.

കോണ്‍ഗ്രസ് എംഎല്‍എ പ്രതാപഗൗഡ പാട്ടീലാണ് ഇന്ന് പുലര്‍ച്ചയോടെ മുംബൈയിലെ ഹോട്ടലില്‍ എത്തിയത്.

ഇന്നലെ എംഎൽഎമാരായ ആര്‍ ശങ്കറും എച്ച് നാഗേഷുമാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപി ക്യാംപിനൊപ്പം ചേർന്നിരുന്നു. കുമാരസ്വാമി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പിന്തുണ പിന്‍വലിച്ചത്. ഇരുവരും നിലപാട് ഗവര്‍ണറെ രേഖാമൂലം അറിയിച്ചു. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച ആര്‍ ശങ്കര്‍ വനം മന്ത്രിയായിരുന്നു.  കഴിഞ്ഞയാഴ്ച നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

തങ്ങളുടെ 104ല്‍ 102 എംഎല്‍എമാരെ ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയ ശേഷമാണ് ബിജെപി ചരടുവലികള്‍ ആരംഭിച്ചത്. അതിനിടെ ബിജെപി പക്ഷത്തേക്ക് കൂറുമാറിയ എംഎൽഎ മാരെ തിരികെ എത്തിക്കാൻ കോൺ​ഗ്രസ്- ജെഡിഎസ് ക്യാമ്പും നീക്കങ്ങൾ സജീവമാക്കി.  തിരികെ എത്തുന്നവർക്ക് മന്ത്രിസ്ഥാനം നൽകാമെന്നാണ് വാ​ഗ്ദാനം.