വജ്രായുധം പുറത്തെടുത്ത് കോണ്‍ഗ്രസ്; ഓപ്പറേഷന് ലോട്ടസുമായി കര്‍ണാടക സര്‍ക്കാരിനെ വീഴ്ത്താന്‍ എത്തിയ ബിജെപിയുടെ തന്ത്രം പാളുന്നു
കര്‍ണാടകയില്‍ ബിജെപി ക്യാംപുകളെ ആശയക്കുഴപ്പത്തിലാക്കി കോണ്‍ഗ്രസിന്റെ പുത്തനടവ്. മന്ത്രിസ്ഥാനം കൊടുത്തു വിമതരെ മുംബൈയിലെ റിനൈസന്‍സ് ഹോട്ടലില്‍നിന്നു തിരിച്ചെത്തിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് തുടങ്ങി.
ഇതിന്റെ ഭാഗമായി മുതിര്‍ന്ന നേതാക്കളായ ഡി.കെ ശിവകുമാര്‍, കെ.ജെ ജോര്‍ജ്, പ്രിയങ്ക് ഖര്‍ഗെ, കൃഷ്ണ ബൈരെ ഗൗഡ, സമീര്‍ അഹമ്മദ് ഖാന് എന്നി 5 മന്ത്രിമാര്‍ സ്ഥാനത്യാഗത്തിനു തയാറായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ കാണാതായ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരിച്ചെത്തിയതും പാര്‍ട്ടി ക്യാംപിനു കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. ഫോണ്‍ സ്വിച്ച് ഓഫ് ആയതു കൊണ്ടാണു നേതൃത്വവുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഭീമാ നായിക് പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ച രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍ ഉള്‍പ്പെടെ 16 പേരുടെയെങ്കിലും പിന്തുണയുണ്ടെങ്കിലേ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വഴി തെളിയുകയുള്ളു. മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചു വിമതരെ ഒപ്പം നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ബിജെപി ഇതവരെ കളിച്ച കളികളെല്ലാം വെറുതെയാകും.
അതേസമയം, ബിജെപിയുടെ ഓപ്പറേഷന് താമരയ്ക്കു ബദലായി ബിജെപി എംഎല്‍എമാരെ വലയിലാക്കാന്‍ ശ്രമമൊന്നും നടത്തുന്നില്ലെന്നു മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. സര്‍ക്കാര്‍ സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുമാരസ്വാമി സര്‍ക്കാരിനെ അസ്ഥിരമാക്കാന്‍ ബിജെപിയും, തലയെണ്ണം ഉറപ്പിച്ച് ഭരണം പിടിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ്- ദള്‍ സഖ്യവും തീവ്രശ്രമത്തിലാണ്.