കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു

single-img
16 January 2019

ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തൊഴിലാളി യൂണിയനുകളോട് നിര്‍ദേശിച്ച ഹൈക്കോടതി നാളെ മുതല്‍ വീണ്ടും ചര്‍ച്ച നടത്താനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് ഇനി ചൊവ്വാഴ്ച പരിഗണിക്കും.

കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമാണ് കേള്‍ക്കേണ്ടി വന്നത്. ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചര്‍ച്ച നടത്തുന്നതെന്നും ഹൈക്കോടതി തച്ചങ്കരിയോട് ചോദിച്ചു. കെഎസ്ആര്‍ടിസിയിലെ പണിമുടക്കിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.

നേരത്തെ, സമരം നീട്ടിവച്ചുകൂടെയെന്നും, നിയമപരമായ പരിഹാരങ്ങളുള്ളപ്പോള്‍ എന്തിനാണ് മറ്റ് മാര്‍ഗങ്ങള്‍ തേടുന്നതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. നിയമപരമായ അവസരം ലഭിക്കുമ്പോള്‍, നിയമവിരുദ്ധമായി സമരത്തിന് പോകുന്നത് തെറ്റാണെന്നും കോടതി പറഞ്ഞു.

ഇന്ന് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടെന്ന് സര്‍ക്കാരും, കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ.തച്ചങ്കരിയും കോടതിയെ അറിയിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ എന്താണെന്ന് ചോദിച്ചറിയാന്‍ എം.ഡിക്ക് ബാധ്യതയുണ്ടെന്നും ഒത്തു തീര്‍പ്പ് ചര്‍ച്ച വൈകിയത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

പ്രശ്നപരിഹാരത്തില്‍ എം.ഡിയുടെ നിലപാട് ശരിയല്ല. തൊഴിലാളികള്‍ക്ക് പ്രശ്നം പരിഹരിച്ചു തരണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്റിനെ സമീപിക്കാനേ കഴിയൂ. ചര്‍ച്ചയ്ക്ക് വേദി ഒരുക്കേണ്ടതും വിഷയമെന്തെന്ന് അന്വേഷിച്ച് പരിഹാരമുണ്ടാക്കേണ്ടതും മാനേജ്‌മെന്റാണെന്നും കോടതി വ്യക്തമാക്കി.

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചിരുന്നത്. കെ.എസ്.ആര്‍.ടി.സി.യിലെ വിവിധ യൂണിയനുകള്‍ സംയുക്തമായാണ് അനിശ്ചിതകാല പണിമുടക്കുമായി രംഗത്തുവന്നിരുന്നത്.

ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.