ഇന്ത്യ വാങ്ങിയതിന്റെ പകുതി വിലയ്ക്ക് റഫേൽ യുദ്ധവിമാനം ഫ്രാൻസിന്; വാങ്ങുന്നത് ഇന്ത്യ വാങ്ങിയ യുദ്ധവിമാനങ്ങളെക്കാൾ ആധുനിക സൗകര്യങ്ങളുള്ള പുത്തൻ പതിപ്പ്

single-img
16 January 2019

ഇന്ത്യ വാങ്ങിയതിന്റെ പകുതി വിലക്ക് റഫേൽ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഡസോള്‍ട്ട് ഏവിയേഷനുമായി കരാര്‍ ഒപ്പീട്ടതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇന്ത്യ വാങ്ങിയ വിമാനങ്ങളെക്കാൾ പുതിയതും, അതിനേക്കാൾ ആധുനികമായ സാങ്കേതികവിദ്യയോടും കൂടിയതുമായ പുത്തൻ പതിപ്പാണ് ഫ്രഞ്ച് സർക്കാർ വാങ്ങുന്നത് എന്നാണു ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട് ചെയുന്നത്.

മോദി സർക്കാർ 2016 ലാണ് 36 റാഫേലിന്റെ F3R പതിപ്പ് വിമാനങ്ങൾ വാങ്ങുന്നതിനു വേണ്ടി ഡസോള്‍ട്ട് ഏവിയേഷനുമായി കരാര്‍ ഒപ്പിട്ടത്. 7.87 ബില്യൺ യുറോക്കായിരുന്നു കരാർ. എന്നാൽ ഫ്രഞ്ച് സർക്കാർ ഇതിനേക്കാൾ അത്യാധുനികമായ 28 റഫേൽ F4
പതിപ്പ് വിമാനങ്ങൾക്ക് നൽകുന്ന തുക എകദേശം 2 ബില്യൺ യുറോ മാത്രമാണ്. അതായതു ഇന്ത്യ ഒരു വിമാനത്തിന് നൽകിയ പണത്തിന്റെ എകദേശം പകുതി വില മാത്രമേ ഫ്രഞ്ച് സർക്കാർ ഒരു വിമാനത്തിന് മുടക്കിയിട്ടുള്ളൂ എന്ന് വേണം കരുതാൻ.

റഫേൽ യുദ്ധ വിമാനങ്ങളുടെ വില സംബന്ധിച്ച് ഇപ്പോൾ തന്നെ പ്രതിപക്ഷ പാർട്ടികൾ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടു സമരത്തിലാണ്. ആദ്യം വിമാനങ്ങളുടെ വില പ്രതിരോധ രഹസ്യം ആണ് എന്ന് പറഞ്ഞ മോദി സര്‍ക്കാര്‍ ഇപ്പോള്‍ അത് ഇരു രാജ്യങ്ങള്‍ക്കും ഇടയുള്ള രഹസ്യമാണ് എന്ന് പറഞ്ഞാണ് അന്വേഷണത്തെ പ്രതിരോധിക്കുന്നത്. എന്നാല്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതി ആണ് എന്നാണ് കോണ്ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്.