Sports

ധോണിയുടെ ആ സിംഗിള്‍ അപൂര്‍ണം; ഇന്ത്യ നേടിയതും ഓസ്‌ട്രേലിയയുടെ സ്‌കോറായ 298 റണ്‍സ്; രണ്ടാം ഏകദിനത്തിലെ ഇന്ത്യന്‍ വിജയത്തിനു പിന്നാലെ വിവാദം

അഡ്ലെയ്ഡ് ഏകദിനത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അവസാന ഓവറിലാണ് ജയിച്ചുകയറിയത്. 54 പന്തില്‍ 55 റണ്‍സെടുത്ത ധോണിയാണ് ഇന്ത്യക്കായി വിജയ റണ്‍ നേടിയത്.

എന്നാല്‍ മത്സരത്തിനിടെ ധോണി നേടിയ ഒരു സിംഗിള്‍, അപൂര്‍ണമായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 45ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. ബോള്‍ ചെയ്തത് നഥാന്‍ ലിയോണ്‍. അവസാന പന്ത് ലോങ് ഓണിലേക്കു തട്ടിയിട്ട ധോണി സിംഗിളിനോടി.

അനായാസ സിംഗിളായതിനാല്‍ ധോണി പതുക്കെയാണ് ക്രീസിനു സമീപമെത്തിയത്. എന്നാല്‍, ക്രീസില്‍ കയറാതെ തിരികെ പോകുന്നതാണ് വീഡിയോയിലുള്ളത്. ധോണി ഓട്ടം പൂര്‍ത്തിയാക്കാത്ത കാര്യം അംപയര്‍മാരും ശ്രദ്ധിച്ചില്ല.

ഈ റണ്‍ ധോണിയുടെയും ഇന്ത്യയുടെയും അക്കൗണ്ടിലേക്കു ചേര്‍ക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.