‘മോദി സര്‍ക്കാര്‍ സത്യവും മൂല്യവുമെല്ലാം അവഗണിക്കുന്നു’; അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന് രാജിവെച്ചു

single-img
16 January 2019

അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയായ ഗെഗോങ് അപാങ് ബിജെപിയില്‍ നിന്ന് രാജിവെച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യവും മൂല്യവുമെല്ലാം അവഗണിക്കുകയാണ്. യഥാര്‍ഥ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ നേരിടുന്നില്ലെന്നും അപാങ് കുറ്റപ്പെടുത്തി.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്‌യുടെ ആദര്‍ശങ്ങളിലൂടെയല്ല പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കെന്ന് ആരോപിച്ചാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കത്ത് അമിത് ഷായ്ക്ക് നല്‍കിയിട്ടുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും അരുണാചലില്‍ നടക്കാനിരിക്കെ അപാങിന്റെ രാജി ബിജെപിക്ക് തിരിച്ചടിയാണ്.

22 വര്‍ഷം അരുണാചലിലെ മുഖ്യമന്ത്രിയായിരുന്ന അപാങ് 2014-ലാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യിലെത്തിത്. സംസ്ഥാനഘടകത്തിലെ അഭിപ്രായവ്യത്യാസങ്ങളാണ് ഇപ്പോള്‍ ബി.ജെ.പി വിടാന്‍ കാരണമെന്നാണ് സൂചന.

നിരവധി ബിജെപി നേതാക്കള്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ടാകം സഞ്ജയ് പറഞ്ഞതിന് പിന്നാലെയുള്ള അപാങിന്റെ രാജി അരുണാചലില്‍ ഇതിനകം വിവാദത്തിന് തുടക്കമിട്ടിട്ടുണ്ട്.