കൺസഷൻനുള്ള വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ തടഞ്ഞുനിർത്തി സ്വകാര്യബസ് ജീവനക്കാരുടെ ക്രൂരത; ബസ് പുറപ്പെടുന്നതും കാത്ത് അഭയാർഥികളെപ്പോലെ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ

single-img
15 January 2019

സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർഥികളെ ബസിനുള്ളിൽ കയറ്റാതെ സ്വകാര്യബസ് ജീവനക്കാർ.  സ്റ്റാൻഡിൽ പിടിച്ചിടുന്ന ബസിൽ വിദ്യാർത്ഥികൾ കയറിയാൽ സീറ്റുകൾ നിറയും എന്നുള്ളതുകൊണ്ടാണ് ബസ് ജീവനക്കാർ ഇത്തരമൊരു നടപടിക്ക് മുതിരുന്നത്.  തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിലാണ് സംഭവം. ഇതുസംബന്ധിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായ ഇതിനെതുടർന്ന് നിരവധിപേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

വെഞ്ഞാറമൂട്-ആറ്റിങ്ങൽ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് വിദ്യാർത്ഥികളോട് ഈ ക്രൂരത കാണിക്കുന്നത്.  ഫുൾ ടിക്കറ്റ് എടുക്കാൻ സന്നദ്ധരായ വിദ്യാർഥികളെ മാത്രമേ ആദ്യം ബസിനുള്ളിൽ കയറാൻ അനുവദിക്കുകയുള്ളൂ. മറ്റുള്ള വിദ്യാർത്ഥികൾക്ക് ബസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പു മാത്രമേ കയറാൻ അനുവാദമുള്ളൂ. വിദ്യാർത്ഥികൾ ബസ്സിനുള്ളിൽ കയറിയാൽ മറ്റു യാത്രക്കാർ കയറില്ല എന്ന വാദമാണ് സ്വകാര്യ ബസുകാർ ഉയർത്തുന്നത്.

മാത്രമല്ല കണ്‍സക്ഷന്‍ എടുത്ത് യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളെ സീറ്റില്‍ ഇരുത്തി യാത്ര ചെയ്യിക്കില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്. സീറ്റിങ്ങ് യാത്രക്കാര്‍ നിറഞ്ഞതിന് ശേഷം ബസ് പുറപ്പെടുമ്പോൾ പരിമിതമായ കുട്ടികളെ മാത്രമാണ്  ജീവനക്കാർ ബസിനുള്ളിൽ കയറ്റുന്നത്. കൺസഷൻ ടിക്കറ്റ് പേരിൽ വിദ്യാർത്ഥികളോട് ജീവനക്കാർ മോശമായാണ് പെരുമാറുന്നത് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ കയറുമ്പോള്‍ ഫുള്‍ ടിക്കറ്റാണോ എന്ന് ചോദിച്ചിട്ടാണ് കയറ്റാറെന്നും വിദ്യാർത്ഥികൾ പറയുന്നു.