പ്രിയ വാരിയരുടെ ബോളിവുഡ് ചിത്രത്തിനെതിരെ നിര്‍മാതാവ് ബോണി കപൂർ

single-img
15 January 2019

പ്രിയ വാരിയരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിനെതിരെ നിര്‍മാതാവ് ബോണി കപൂർ രംഗത്ത്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി അടക്കമുള്ളവർക്ക് ബോണി കപൂർ നോട്ടീസ് അയച്ചിരിക്കുന്നത്.

സിനിമയുടെ ‌ട്രെയിലർ റിലീസിന് പിന്നാലെ അന്തരിച്ച നടി ശ്രീദേവിയുടെ കഥയാണ് ചിത്രം പറയുന്നതെന്ന തരത്തില്‍ ചർച്ചകൾ സജീവമായിരുന്നു. ചിത്രത്തിന്റെ പേരും ട്രെലിയറിലെ ചില രംഗങ്ങളുമാണ് സംശയത്തിനിടയാക്കിയിരുന്നു. മാത്രമല്ല ബാത്ടബ്ബിൽ കാലുകൾ പുറത്തേക്കിട്ട് കിടക്കുന്ന രംഗം ശ്രീദേവിയുടെ ആരാധകരെ ഏറെ ചൊടിപ്പിച്ചിരുന്നു. ശ്രീദേവിയുടെ മരണവും ഇതിനു സമാനയമായിരുന്നു. ഇതാണ് നിയമ നടപടികളിലേക്ക് ബോണി കപൂറിനെ നയിച്ചത് എന്നാണ് വിവരം.

വക്കീൽ നോട്ടീസ് ലഭിച്ചെന്ന് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി സ്ഥിതീകരിച്ചു. കഴിഞ്ഞയാഴ്ചയാണ് നോട്ടീസ് ലഭിച്ചത്. അതിനെ നേരിടും. എന്റേത് ഒരു സസ്പെൻസ് ത്രില്ലർ ആണ്. ഒരുപാട് പേർക്ക് ശ്രീദേവി എന്ന പേരുണ്ടെന്ന് ബോണി കപൂറിനോട് നേരത്തെ പറഞ്ഞിരുന്നു. എന്റെ സിനിമയിലെ കഥാപാത്രവും ഒരു നടിയാണ്. നിയമനടപടിയെ നേരിടാനാണ് തീരുമാനമെന്ന് പ്രശാന്ത് മാമ്പുള്ളി മാധ്യമങ്ങളോട് പറഞ്ഞു.