പന്തളം നഗരസഭയിൽ എൽഡിഎഫിനെതിരെയുള്ള യുഡിഎഫ് അവിശ്വാസം: ബിജെപി പിന്തുണകിട്ടിയിട്ടും പരാജയപ്പെട്ട് യുഡിഎഫ്

single-img
15 January 2019

പന്തളം നഗരസഭയിൽ എൽഡിഎഫിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ ബിജെപി. പിന്തുണച്ചിട്ടും പരാജയപ്പെട്ടു. അസാധുവായ ഒരു വോട്ടിനാണ്‌ അവിശ്വാസം പരാജയപ്പെട്ടത്‌. 33 അംഗ നഗരസഭയിൽ എല്ലാ അംഗങ്ങളും ഹാജരായപ്പോൾ അവിശ്വാസം പാസാകാൻ 17 വോട്ട്‌ വേണമായിരുന്നു. പക്ഷേ, പ്രതിപക്ഷത്തിന്‌ 16 വോട്ടുമാത്രമേ നേടാനയുള്ളു.

ഒരു കോൺഗ്രസ് അംഗത്തിന്റെ വോട്ടാണ് അസാധുവായത്. 14 അംഗങ്ങളുള്ള എൽഡിഎഫ് ഭരണസമിതിയിൽ ചെയർപേഴ്‌സൺ റ്റി.കെ.സതിക്കെതിരേയാണ് 11 അംഗങ്ങളുള്ള യു.ഡി.എഫ്. അവിശ്വാസം കൊണ്ടുവന്നത്. ഇവരെക്കൂടാതെ ഏഴംഗ ബി.ജെ.പി.യും ഒരു എസ്ഡിപിഐയും ഉണ്ട്.

കേവല ഭൂരിപക്ഷം കണക്കാക്കുമ്പോൾ 17 വോട്ടു കിട്ടിയാൽ മാത്രമേ അവിശ്വാസം പാസാകുകയുള്ളൂവെന്ന് റിട്ടേണിങ് ഓഫീസർ നഗരകാര്യ വിഭാഗം റീജണൽ ജോയിന്റ് ഡയറക്ടർ വിവി.രാജു അറിയിച്ചു.

തിങ്കളാഴ്ചയാണ്‌ അവിശ്വാസത്തിന്മേലുള്ള ചർച്ചയും പിന്നീട് വോട്ടെടുപ്പും നടന്നത്. 33 അംഗങ്ങളും ഹാജരായിരുന്നു. എസ്ഡിപിഐ അംഗം എംആർ.ഹസീന വോട്ടു രേഖപ്പെടുത്താതെ തിരഞ്ഞെടുപ്പിൽനിന്ന്‌ വിട്ടുനിന്നു. അവിശ്വാസ ചർച്ചയിൽ പ്രസംഗിച്ചശേഷം ആർഎസ്പി.(ബി) അംഗം കെ.എസ്.ശിവകുമാർ വ്യക്തിപരമായ ആവശ്യത്തിനായി ഹാൾവിട്ട് പുറത്തുപോയതിനാൽ വോട്ടു രേഖപ്പെടുത്തിയില്ല. കോൺഗ്രസ് അംഗം ആനി ജോൺ തുണ്ടിൽ പേരെഴുതിയെങ്കിലും ഒപ്പിടാത്തതിനാൽ വോട്ട് അസാധുവാകുകയായിരുന്നു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട്‌ ശ്രദ്ധാ കേന്ദ്രമായി മാറിയ പന്തളത്തെ നഗരസഭയിൽ ബി.ജെ.പി. പിന്തുണയോടെ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടായിരുന്നു.