യു പിയിലെ ബുലന്ദ്ശഹറില്‍ ഗോവധം നടത്തിയെന്ന ആരോപണത്തിൽ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്ത പോലീസ് കലാപം നടത്തുകയും പോലീസ് ഇന്‍സ്‌പെക്ടറെ കൊല്ലുകയും ചെയ്തവർക്കെതിരെ ചുമത്തിയത് നിസ്സാര വകുപ്പുകൾ

single-img
15 January 2019

ഗോവധം നടന്നു എന്ന അഭ്യൂഹത്തെ തുടർന്ന് ഉത്തർ പ്രദേശിലെ ബുലന്ദ്ശഹറില്‍ കലാപം സൃഷ്ടിക്കുകയും, പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികൾക്കെതിരെ യു പി പോലീസ് ചുമത്തിയത് നിസ്സാര വകുപ്പുകള്‍. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കലാപകാരികളെ സംരക്ഷിക്കുകയാണ് എന്ന ആരോപണം നിലനിൽക്കെയാണ് പോലീസിന്റെ ഭാഗത്തു നിന്നും പ്രതികൾക്കനുകൂലമായ നീക്കം ഉണ്ടാകുന്നത്.

അതേസമയം കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട ബജ്‌റംഗദള്‍ നേതാവിന്റെ ഗോവധ പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മൂന്നു യുവാക്കള്‍ക്കെതിരെ യു.പി പൊലീസ് ദേശീയ സുരക്ഷാ നിയമം ചുമത്തി. അസ്ഹര്‍, മെഹബൂബ്, നദീം എന്നിവര്‍ക്കെതിരെയാണ് പോലീസിന്‍റെ അസാധാരണ നടപടി. ദേശീയ സുരക്ഷാ നിയമം ചുമത്തിയതോടെ ഇവര്‍ക്ക് ഇനി ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായി.

പൊതുസമാധാനവും ഐക്യവും നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ദേശീയ സുരക്ഷാ നിയമത്തിലെ 3 സബ്‌സെക്ഷന്‍ 3 ചുമത്തിയിരിക്കുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അനൂപ് ഝാ പറഞ്ഞു. നിയമവിരുദ്ധമായി പണം സമ്പാദിക്കാന്‍ പ്രതികള്‍ ഗോവധം നടത്തിയെന്ന് പൊലീസ് റിപ്പോര്‍ട്ട് പറയുന്നതായും അനൂപ് ഝാ പറഞ്ഞു.