ശബരിമല സമരം പൊളിഞ്ഞതോടെ വികസന കാര്‍ഡുമായി മോദി; ഇന്ന് കേരളത്തിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും

single-img
15 January 2019
Thrissur : Prime Minister Narendra Modi waves during a public meeting in Thrissur, Kerala on Monday. PTI Photo (PTI12_14_2015_000259A)

ശബരിമല സമരം ഉദ്ദേശിച്ച നേട്ടമുണ്ടാക്കിയില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ കേരളം പിടിക്കാൻ വികസന കാർഡുമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍ഗോഡ് സീറ്റുകളില്‍ വിജയം നേടുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി തിരഞ്ഞെടുപ്പ് അടവുകൾ രൂപപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായിയാണ് വികസനം എന്ന അജണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുന്നോട്ടു വെക്കുന്നത്.

രാജ്യത്തിന്റെ വികസനത്തിനു നേതൃത്വം നല്‍കാന്‍ ബി.ജെ.പിക്കേ കഴിയൂവെന്ന സന്ദേശമാകും ഇന്നു കൊല്ലം ബൈപാസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നല്‍കുക. പതിറ്റാണ്ടുകളായി ഇഴഞ്ഞുനീങ്ങിയ ബൈപ്പാസ് യാഥാര്‍ഥ്യമാക്കിയത് എന്‍.ഡി.എ. സര്‍ക്കാരാണെന്നു നരേന്ദ്ര മോദി ഊന്നിപ്പറയും. ബൈപ്പാസ് പൂര്‍ത്തിയാക്കിയതിന്റെ ക്രെഡിറ്റ് കേന്ദ്ര സര്‍ക്കാര്‍ മന്ത്രി നിതിന്‍ ഗഡ്കരിക്കാണു നല്‍കുന്നത്.

വൈകുന്നേരം നാലിന് തിരുവനന്തപുരം എയർ ഫോഴ്‌സ് വിമാനത്താവളത്തിന്‍റെ ടെക്‌നിക്കൽ ഏരിയയിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ ഗവര്‍ണര്‍,മുഖ്യമന്ത്രി എന്നീവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും .തുടര്‍ന്ന് ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് തിരിക്കുന്ന പ്രധാനമന്ത്രിആശ്രമം മൈതാനത്തെ കൊല്ലം ബൈപാസിന്‍റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് കന്റോൺമെൻറ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും. കൊല്ലത്ത് നിന്ന് ഏഴുമണിക്ക് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ഡൽഹിയിലേക്ക് മടങ്ങും.